കാസർകോട്: ഭിന്നശേഷിക്കാരുടെ കലാപ്രകടനങ്ങള്‍ക്ക് വേദിയൊരുക്കുകയാണ് 'വി സ്‌മൈല്‍' കൂട്ടായ്മയിലെ അംഗങ്ങൾ. കൂട്ടായ്മ സംഘടിപ്പിക്കുന്ന 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന സാമൂഹ്യ അവബോധ കലായാത്ര കാസര്‍കോട് നിന്നും പ്രയാണമാരംഭിച്ചു. ഓരോ മനുഷ്യനും സവിശേഷമായ കഴിവുകള്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് വി സ്‌മൈല്‍ അവബോധ കലായാത്രയുടെ പര്യടനം. ഒപ്പന, കോമഡി സ്‌കിറ്റ്, മിമിക്രി തുടങ്ങിയ വിവിധ പരിപാടികള്‍ വി സ്‌മൈലിലെ കലാകാരന്മാര്‍ വേദികളില്‍ അവതരിപ്പിക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുന്നത് ഭിന്നശേഷിക്കാരായ 30 അംഗ സംഘമാണ്.
പരിമിതികള്‍ ഉണ്ടെങ്കിലും അതില്‍ നിന്നും അതിജീവിക്കുന്ന സമൂഹത്തിന്റെ നേര്‍സാക്ഷ്യമാണ് സാമൂഹ്യ അവബോധ കലായാത്രയിലെ കലാകാരന്മാര്‍. ഇവരുടെ ഓരോ അവതരണത്തിലുമുണ്ടായ കാണികളുടെ നിലക്കാത്ത കയ്യടികള്‍ ആരാലും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാരെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായി. 14 ജില്ലകളിലും പര്യടനം നടത്തുന്ന കലായാത്രക്ക് സാമൂഹ്യ സാംസ്‌കാരിക സംഘടനകളാണ് സഹായങ്ങള്‍ ചെയ്യുന്നത്. യാത്ര ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കും.