കാസര്‍കോട്: റോഡ് സുരക്ഷാ സന്ദേശവുമായി ആലാമികളുടെ ഊരുചുറ്റല്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാസര്കോടിന്റെ തനത് കലാരൂപമായ ആലാമി നാട്ടിലിറങ്ങിയത്. ദേശീയ റോഡ് സുരക്ഷാ വാരത്തിന്‍റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് ആർടിഒയുടെ നേതൃത്വത്തിലാണ് റോഡ് സുരക്ഷാ സന്ദേശവുമായി ആലാമിക്കളി അവതരിപ്പിച്ചത്.
കരി തേച്ച് കറുപ്പിച്ച ശരീരത്തില്‍ വെള്ളപ്പുള്ളികള്‍. നീളമുള്ള പാളത്തൊപ്പി. മുട്ടിന് മേലുള്ള കറുത്ത മുണ്ട്. മണികെട്ടിയ വടിയും ഭാണ്ഡക്കെട്ടും. സമകാലികമായ വിഷയങ്ങളെന്തും താളത്തില്‍ പാടി ജനങ്ങളെ സമീപിക്കുകയാണ് ആലാമികള്‍. വീടുകള്‍ തോറും കയറിയിറങ്ങുകയാണ് സാധാരണ ആലാമികള്‍ ചെയ്യുന്നതെങ്കില്‍ ഇത്തവണ ആലാമികളുടെ ദൗത്യം മറ്റൊന്നാണ്. ജില്ലയുടെ തനത കലാരൂപമായ ആലാമിക്കളിയിലൂടെ റോഡ് സുരക്ഷാ ബോധവത്കരണം നടത്തുകയാണ് ഇവര്‍. ഒഴിഞ്ഞവളപ്പ് റെഡ് സ്റ്റാര്‍ ക്ലബ് പ്രവര്‍ത്തകരാണ് ആലാമിക്കളി അവതരിപ്പിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയനാണ് റോഡ് സുരക്ഷാ ആലാമിക്കളിക്ക് ഗാനങ്ങള്‍ രചിച്ചത്. എളേരിത്തട്ട് ഗവണ്മെന്റ് കോളേജ്, വെള്ളരിക്കുണ്ട് ടൗണ്‍, സെന്റ് ജൂഡ് സ്‌കൂള്‍, രാജപുരം സെന്റ് പയസ് കോളേജ് കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പരിപാടി സംഘടിപ്പിച്ചു.