കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ജില്ലയില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് കലക്‌ടര്‍. കൊവിഡ് പശ്ചാത്തലത്തിലാണ് കലക്‌ടര്‍ ഡോ. ഡി.സജിത് ബാബുവിന്‍റെ നിര്‍ദേശം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജില്ലയിൽ രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടാകും. കൊവിഡ് പ്രൊട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഓരോ പ്രദേശങ്ങളിലും പൊതുയോഗങ്ങൾ നടത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കില്ല.
ഓരോ മണ്ഡലത്തിലും അഞ്ച് വീതം കേന്ദ്രങ്ങൾ മാത്രമേ യോഗങ്ങൾക്ക് അനുവദിക്കുകയുള്ളൂ. ഇങ്ങനെ ജില്ലയിൽ 25 കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടങ്ങളിൽ നിശ്ചിത എണ്ണം ആളുകളെ മാത്രമേ കയറാനനുവദിക്കുകയുള്ളുവെന്നും ജില്ലാ വരണാധികാരി കൂടിയായ കലക്‌ടര്‍ അറിയിച്ചു. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിൽ ആണ് മൈതാനങ്ങൾ അനുവദിക്കുക. ഇത് സംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗങ്ങൾ വിളിച്ച് അഭിപ്രായ സമന്വയത്തിലെത്തിയിട്ടുണ്ട്.
ഒരു ബൂത്തിൽ 1000 വോട്ടര്‍മാരിൽ കൂടാൻ പാടില്ലെന്ന നിര്‍ദേശമുള്ളതിനാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന 983 ബൂത്തുകൾക്ക് പുറമെ 608 പോളിങ് ബൂത്തുകൾ കൂടിയുണ്ടാകും. 524 ലൊക്കേഷനുകളിലായാണ് ഈ 1591 ബൂത്തുകൾ. ജില്ലയിൽ ആകെ 44 ക്രിട്ടിക്കൽ ബൂത്തുകളും 45 വൾനറബിൾ ലൊക്കേഷനുകളുമാണ് ഉള്ളത്. അധികമായി വരുന്ന ബൂത്തുകളിൽ പ്രീ ഫാബ് സാങ്കേതിക വിദ്യ താത്കാലികമായി ഒരുക്കും. തെരഞ്ഞെടുപ്പിനായി 2119 കൺട്രോൾ യൂണിറ്റുകളും 2174 ബാലറ്റ് യൂണിറ്റുകളും 2141 വി വി പാറ്റുകളും സജീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേരുള്ള 80 വയസിന് മുകളിൽ ഉള്ളവർക്കും അംഗ പരിമിതർക്കും കൊവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്‍റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കും. ഇതിനുള്ള അപേക്ഷ ബി.എൽ.ഒമാർ വീടുകളിൽ എത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസർമാർ നൽകുന്ന പട്ടികയിലുള്ള കൊവിഡ് ബാധിതർക്കും ക്വാറന്‍റൈനിൽ ഉള്ളവർക്കും പോസ്റ്റൽ ബാലറ്റ് നൽകുന്നതിന് 1048 പോളിങ് ഓഫിസര്‍മാരെ നിയോഗിക്കും.