കാസര്‍കോട്: ഒരു പ്രദേശത്തെയാകെ വരൾച്ചയിലേക്ക് തള്ളിവിടുകയാണ് കാസര്‍കോട് പരപ്പ മുണ്ടത്തടത്തെ കരിങ്കല്‍ ക്വാറി. നീരുറവകള്‍ പോലും തടസപ്പെട്ടതോടെ ദൂരസ്ഥലങ്ങളില്‍ നിന്നും കുടിവെള്ളമെത്തിക്കേണ്ട അവസ്ഥയാണ് പ്രദേശ വാസികള്‍ക്ക്.
മുണ്ടത്തടത്തെ മലയോരത്ത് ഹെക്ടര്‍ കണക്കിന് സ്ഥലത്തായി ക്വാറി പ്രവര്‍ത്തനം വ്യാപിച്ചതോടെയാണ് പ്രദേശത്ത് കുടിവെള്ളം പോലും ലഭ്യമാകാത്ത സ്ഥിതി വന്നത്. നേരത്തെ ക്വാറിക്ക് മുകളിലായുള്ള ജലാശയത്തില്‍ നിന്നും പൈപ്പ് വഴി വെള്ളം താഴ് ഭാഗത്തെ നീര്‍ച്ചാലിലേക്ക് ഒഴുക്കി വിട്ടിരുന്നു. എന്നാല്‍ ക്വാറി ഉടമ കിണറിരിക്കുന്ന സ്ഥലം വാങ്ങി ആഴമേറിയ കുഴിയെടുത്തതോടെ പ്രദേശത്തെ കോളനിയിയില്‍ ലഭ്യമായിരുന്ന കുടിവെള്ളം തടസപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുടിവെള്ളം പോലും അന്യമായ അവസ്ഥയില്‍ എങ്ങോട്ട് പോകുമെന്ന് പ്രായം തളര്‍ത്താത്ത പോരാട്ടവീര്യത്തില്‍ സമരപ്പന്തലിലിരിക്കുന്ന മാണിക്കം ചോദിക്കുന്നു. മുണ്ടത്തടത്തെ ആദിവാസി കോളനിയിലുള്ളവര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന നടവഴി പോലും ക്വാറി ഉടമ അടച്ചുവെന്നും സമരസമിതി പരാതിപ്പെടുന്നു. പരാതികളും നിവേദനങ്ങളും നിരവധി നല്‍കിയെങ്കിലും അധികൃതര്‍ കണ്ണടക്കുകയാണെന്ന് നിറകണ്ണുകളോടെ ഇവിടുത്തുകാര്‍ പറയുന്നു.