കാസർകോട്: പി.എസ്.സി എന്നത് പാർട്ടി സർവീസ് കമ്മിഷൻ ആയി മാറിയെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്‍റ് കെ. ശ്രീകാന്ത്. എകെജി സെന്‍ററിൽ നിന്നും നൽകുന്ന പട്ടിക അംഗീകരിക്കുന്ന ഏജൻസി ആയി പബ്ലിക് സർവീസ് കമ്മിഷൻ മാറിയെന്നും ശ്രീകാന്ത് ആരോപിച്ചു. കന്നഡ ഭാഷയെ പി.എസ്.സി അവഗണിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർകോട് ജില്ലാ പി.എസ്.സി ഓഫീസിന് മുന്നിലാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. കന്നഡ മേഖലയിലെ സ്കൂളുകളിൽ കന്നഡ അറിയാത്ത മലയാളം അധ്യാപകരെ നിയമിച്ചതിലും മലയാളവും കന്നഡയും അറിയുന്നവർക്ക് വേണ്ടിയുള്ള എൽഡി ക്ലാർക്ക് പരീക്ഷയുടെ കേന്ദ്രങ്ങൾ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയതിലും ഗൂഢാലോചനയുണ്ടെന്നാണ് ബിജെപിയുടെ വാദം. വിഷയത്തിൽ വരും ദിവസങ്ങളിലും കന്നഡ മേഖലയിൽ പ്രതിഷേധം ഉയർത്താനാണ് ബിജെപിയുടെ തീരുമാനം.