കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിനെതിരായ സര്‍ക്കാരിന്‍റെ അപ്പീല്‍ ഹൈക്കോടതി തള്ളി. കോടതി നടപടിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും കോൺഗ്രസ് നേതൃത്വവും സന്തോഷം പ്രകടിപ്പിച്ചു. സിബിഐയുടെ പഴുതടച്ചുള്ള അന്വേഷണം വന്നാൽ ഗൂഢാലോചന നടത്തിയവർ ഉൾപ്പെടെ അഴികൾക്കുള്ളിൽ ആകുമെന്ന പ്രതീക്ഷയാണ് കുടുംബാംഗങ്ങൾക്ക് ഉള്ളത്. കൃപേഷിനെയും ശരത് ലാലിനെയും അടക്കം ചെയ്‌ത കല്ലിയോട്ട് സ്‌മൃതി മണ്ഡപത്തിൽ വെച്ചാണ് ഹൈക്കോടതി നടപടിയെ കുറിച്ച് ഇരുവരുടെയും മാതാപിതാക്കൾ അറിഞ്ഞത്.
കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിയിൽ പ്രതിഷേധിച്ച് പെരിയയിലെ സ്‌മൃതി മണ്ഡപത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ 24 മണിക്കൂർ ഉപവാസം ഹൈക്കോടതിയുടെ ഇന്നത്തെ നടപടികൾക്ക് ശേഷമാണ് അവസാനിപ്പിച്ചത്. പ്രതികളെ രക്ഷിക്കാനുള്ള സിപിഎമ്മിനും സർക്കാരിനും ഏറ്റ തിരിച്ചടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും എംപി ആവശ്യപ്പെട്ടു. സിബിഐയിൽ വിശ്വാസമുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുവരുമെന്നും കൊല്ലപ്പെട്ട ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ പറഞ്ഞു. സിബിഐ സർക്കാരിന്‍റെ ഇംഗിതത്തിന് നിൽക്കില്ല. ഹൈക്കോടതിയിൽ നിന്നും അനുകൂല നടപടി ഉണ്ടാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നതായി കൃപേഷിന്‍റെ പിതാവ് കൃഷ്‌ണൻ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.