കാസർകോട് : പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും, കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിലായി 90-ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. ഹോസ്ദുർഗ് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാർ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 14 പ്രതികളാണ് ആകെയുള്ളത്. ഒന്നു മുതൽ എട്ട് വരെ പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നും 9, 10, 11 പ്രതികൾ സഹായം ചെയ്തുവെന്നും 12 മുതൽ 14 വരെയുള്ളവർ തെളിവ് നശിപ്പിക്കാൻ സഹായിച്ചു എന്നുമാണ് കുറ്റപത്രത്തിലുള്ളത്.
ഒന്നാം പ്രതി പീതാംബരൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. രാഷ്ട്രീയക്കാരുൾപ്പെട്ട കൊലപാതകമാണെങ്കിലും കൃത്യത്തിന് കാരണം വ്യക്തിവിരോധമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും ആയുധങ്ങളും ഉൾപ്പടെയുള്ള തൊണ്ടിമുതൽ ശനിയാഴ്ച്ച തന്നെ ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് കുടുംബങ്ങളുടെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത് .
അതേ സമയം തന്നെ നിലവിലെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് കുടുംബങ്ങൾ സി ബി ഐ അന്വേഷണം ആവശ്യപെട്ട് ഹൈക്കോടതിയെ സമിപിച്ചിട്ടുണ്ട്. കേസിൽ 24 ന് കോടതി അന്തിമ വാദം കേൾക്കും.