കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ വീട് എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. പെരിയ കല്യോട്ട് കൃപേഷിന്‍റെ ഓലമേഞ്ഞ കുടിലിനടുത്തായാണ് പുതിയ വീടിന്‍റെ പണി പൂർത്തിയായത്. ഹൈബി ഈഡൻ എംഎൽഎയുടെ തണൽ ഭവന പദ്ധതി പ്രകാരമാണ് കൃപേഷിന് വീട് നിർമ്മിച്ചത്. വെള്ളിയാഴ്ചയാണ് ഗൃഹപ്രവേശം.
മഴയും വെയിലുമേൽകാതെ സ്വസ്ഥമായി അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട്. കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ സ്വപ്നമായിരുന്നു അത്. ആ സ്വപ്നമാണ് ഇന്ന് ഇങ്ങനെ പണിതുയർന്നത്. കല്യോട്ട് എത്തിയ ഹൈബി ഈഡൻ എംഎൽഎ കൃപേഷിന്‍റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കൃത്യം 44 ദിവസം കൊണ്ട് 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ നിർമാണം ആണ് പൂർത്തീകരിച്ചത്. നാടിന്റെയാകെ പിന്തുണയിൽ വീട് യാഥാർഥ്യമാകുമ്പോൾ മകൻ കൂടെ ഇല്ലെന്ന സങ്കടം ഇവിടെ ബാക്കിയാണ്. ഏട്ടൻ അകലെയിരുന്ന് എല്ലാം കാണുന്നുണ്ടാകുമെന്ന് പറയുമ്പോൾ കുഞ്ഞനുജത്തി കൃഷ്ണ പ്രിയയ്ക്ക് വിതുമ്പൽ അടക്കാൻ ആകുന്നില്ല.
വലിയ ചടങ്ങുകൾ ഒന്നുമില്ലാതെ വെള്ളിയാഴ്ച്ച നടക്കുന്ന ഗൃഹ പ്രവേശനത്തിന് വീടുനിർമ്മാണത്തിന് മുൻ കൈയെടുത്ത ഹൈബി ഈഡൻ എംഎൽഎയും സാക്ഷിയാകും.