കാസർകോട്: കൊവിഡ് കാലത്ത് പ്രചാരണങ്ങൾ ഓൺലൈനായെങ്കിലും പേനകൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്കോ പാർട്ടികൾക്കോ കഴിയില്ലല്ലോ. അങ്ങനെ കാസർകോട്ടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടുകയാണ് രമേശന്‍റെ പേനകൾ. നേതാക്കളുടെയും പ്രവർത്തകരുടെയും പ്രചാരണോപാധികളിൽ ഒന്നായ പാർട്ടി ചിഹ്നങ്ങളെ കടലാസു വിത്തു പേനകളിൽ തയ്യാറാക്കുകയാണ് ബോവിക്കാനത്തെ രമേശൻ.
അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ രമേശൻ ജീവിതം കരുപ്പിടിപ്പിക്കുന്നത് വിത്തു പേനകളിലൂടെയാണ്. നേരത്തെ സ്‌കൂൾ, കോളജ്, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആവശ്യക്കാർ ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷകളെല്ലാം കൊവിഡിൽ കെട്ടടങ്ങി. ഇതിനിടെ തെരഞ്ഞെടുപ്പ് വന്നെത്തിയതോടെയാണ് രമേശന്റെ പേനകൾക്ക് ജീവശ്വാസം ലഭിച്ചത്. രമേശന്‍റെ ആശയം പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഏറ്റെടുത്തതോടെ വിത്തു പേനകൾ മികച്ച വരുമാന മാർഗമായി.
എല്ല പാർട്ടികളുടെയും ചിഹ്നങ്ങളും വാചകങ്ങളും ചേർത്ത സ്റ്റിക്കറുകൾ പതിപ്പിച്ചതാണ് പേനകൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പാർട്ടി ഗ്രൂപ്പുകളിൽ പേനയുടെ ചിത്രം പോസ്റ്റ് ചെയ്‌തതോടെ കൂടുതൽ ഓർഡറുകളും ലഭിച്ചു തുടങ്ങി. എട്ട് രൂപ നിരക്കിലാണ് വിത്തു പേനകൾ ലഭിക്കുക. ദൂരസ്ഥലങ്ങളിലേക്ക് കൊറിയർ വഴിയും പേനകൾ എത്തിക്കും. തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ചയായതിനാൽ കടലാസ് പേനകൾ കൂടുതൽ ചിലവഴിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് രമേശൻ.