കാസര്‍കോട്: കാസര്‍കോട്ട് പനിബാധിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് അല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പുനെയില്‍ നിന്നുള്ള പരിശോധനാ ഫലവും കൂടി വന്നാല്‍ രോഗ സ്ഥിരീകരണം ഉണ്ടാകും. പുത്തിഗെ പഞ്ചായത്തിലെ മുഗുവില്‍ സഹോദരങ്ങളായ കുട്ടികള്‍ മരിച്ചതിന് പിന്നാലെ അഭ്യൂഹങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
രക്തസാമ്പിളുകളില്‍ മണിപ്പാലില്‍ പരിശോധിച്ചതിന്റെ ഫലം വന്നിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം കൂടി വന്നു കഴിഞ്ഞാല്‍ മാത്രമേ രോഗ സ്ഥിരീകരണം നടത്താനാകൂ എന്നും പ്രദേശത്തെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പനിബാധിത പ്രദേശങ്ങളില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധന നടത്തി. മരിച്ച കുട്ടികള്‍ താമസിച്ച വീട്ടിലെ വെള്ളം, മണ്ണ്, പ്രദേശത്ത് നിന്നും ലഭിച്ച പഴവര്‍ഗങ്ങള്‍ എന്നിവ പരിശോധനക്കായി ശേഖരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പനിബാധിത മേഖലയില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തുന്നുണ്ട്.