കാസർകോട്: മന്ത്രി മണ്ഡലമെന്ന നിലയില്‍ താരപരിവേഷമുള്ള കാഞ്ഞങ്ങാട് ഉറച്ച പ്രതീക്ഷയില്‍ എൽഡിഎഫ് സ്ഥാനാർഥി ഇ. ചന്ദ്രശേഖരന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനവും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും പിന്നാലെ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട ശേഷമാണ് ഇ. ചന്ദ്രശേഖരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കാഞ്ഞങ്ങാട് നഗരത്തിലാണ് പത്രിക സമര്‍പ്പണത്തിന് ശേഷം മന്ത്രി വോട്ടഭ്യര്‍ഥിച്ചത്.
ഓട്ടോ തൊഴിലാളികളെയും വ്യാപാരികളെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്നതിനിടെ എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ പി.വി. സുരേഷിനെയും ഇ. ചന്ദ്രശേഖരന്‍ കണ്ടുമുട്ടി. അല്‍പ്പനേരത്തെ സൗഹൃദ സംഭാഷണങ്ങള്‍ക്കൊടുവില്‍ വീണ്ടും വോട്ടര്‍മാര്‍ക്കിടയിലേക്ക്. കഴിഞ്ഞ പത്ത് വര്‍ഷം കാഞ്ഞങ്ങാട്ടെ ജനപ്രതിനിധി എന്ന നിലയില്‍ പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നുമാണ് ഇ. ചന്ദ്രശേഖരന്‍ പറയുന്നത്. ഇടത് സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളുമെല്ലാം വോട്ടായി മാറുമെന്നും കാഞ്ഞങ്ങാട് ചുവന്ന് തന്നെയിരിക്കുമെന്നും ഉറപ്പാണ് ചന്ദ്രശേഖരന്.
അതേസമയം ഇ. ചന്ദ്രശേഖരന് മൂന്നാം വട്ടവും സ്ഥാനാര്‍ഥിത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവെച്ച സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്‌ണന്‍ അടക്കമുള്ളവര്‍ നോമിനേഷന്‍ നല്‍കുന്ന ഘട്ടത്തില്‍ പോലും ഒപ്പമുണ്ടായില്ല. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് സിപിഐ നേതൃത്വം അവകാശപ്പെടുമ്പോഴും മടിക്കൈ പ്രദേശത്തുള്ള നേതാക്കളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കുന്ന കാഴ്‌ചയും മണ്ഡലത്തിലുണ്ട്.