കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടെടുപ്പിന് മുമ്പ് ആരംഭിച്ച വാദ പ്രതിവാദങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷവും അവസാനിക്കുന്നില്ല. മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചെന്ന് സംശയിക്കുന്നതായി സിപിഎം ആരോപിച്ചു. ഇവിടെ ബിജെപി ജയിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ഗ്രസിനും മുല്ലപ്പള്ളി രാമചന്ദ്രനും ആയിരിക്കുമെന്നും സിപിഎം ജില്ല സെക്രട്ടറി എംവി ബാലകൃഷ്ണന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് വോട്ടുനല്‍കണമെന്ന് പറയുകയും പിന്നീട് ഇടതുമുന്നണി ബിജെപിക്ക് വോട്ട് മറിച്ചെന്ന് ആരോപിക്കുകയം ചെയ്ത മുല്ലപ്പള്ളിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് തുറന്നുകാട്ടുന്നത്. അത് മുന്‍കൂര്‍ ജാമ്യമെടുക്കലുമാണ്. കോണ്‍ഗ്രസിന് സ്വാധീനമുള്ള എന്‍മകജെ, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞതായി സംശയിക്കുന്നുവെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫിനാണ് മേല്‍ക്കൈ എങ്കിലും തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങള്‍ ഇടതുമുന്നണി നിലനിര്‍ത്തുമെന്നും എം വി ബാലകൃഷ്ണന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.