കാസർകോട്: മുതിർന്ന കോൺഗ്രസ് നേതാവ് സികെ ശ്രീധരൻ സിപിഎമ്മിലേക്കെന്ന് സൂചന. മാറ്റം അനിവാര്യമാണെന്ന് മുൻ കെപിസിസി വൈസ് പ്രസിഡന്‍റ് കൂടിയായ അദ്ദേഹം വ്യക്തമാക്കി. അതിനിടെ സികെ ശ്രീധരന്‍റെ ആത്മകഥ പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എത്തുന്നതും ചർച്ചയായിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് കാസർകോട് ഈ പരിപാടി മാത്രമേ ഉള്ളൂവെന്നതും ശ്രദ്ധേയമാണ്. ടിപി ചന്ദ്രശേഖരൻ വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ. കെപിസിസി വൈസ് പ്രസിഡന്‍റ്, ഡിസിസി. പ്രസിഡന്‍റ്, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച നേതാവാണ് അദ്ദേഹം. കെപിസിസി നേതൃത്വവുമായുള്ള അതൃപ്‌തിയാണ് പാർട്ടി വിടാനുള്ള കാരണമെന്നാണ് സൂചന.
പുനസംഘടനയിൽ കെ സുധാകരൻ തഴഞ്ഞതിന്‍റെ അമർഷം നിലനിൽക്കുമ്പോഴാണ് ശ്രീധരനെ ആദരിക്കാൻ പിണറായി വിജയൻ നേരിട്ട് എത്തുന്നത്. എന്നാൽ, മറ്റേതെങ്കിലും പാർട്ടി ക്ഷണിച്ചിട്ടില്ലെന്ന് ശ്രീധരൻ വ്യക്തമാക്കി. കോടതി, കേസുകൾ, ജീവിതം, പൊതുപ്രവർത്തനം, കുടുംബം എന്നിവ ഉള്‍പ്പെടുത്തി 248 പേജുകളും 26 അധ്യായങ്ങളും ഉള്ളതാണ് ശ്രീധരന്‍റെ ആത്മകഥ.