കാസർകോട് : അണങ്കൂരില്‍ ക്രൈംബ്രാഞ്ച് ഓഫിസ് നിര്‍മിക്കാനിരിക്കുന്ന സ്ഥലത്തെ റോഡ് പൊളിച്ചതിനെച്ചൊല്ലി നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരുമായി സംഘര്‍ഷം. റവന്യൂവകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയ സ്ഥലത്തെ റോഡ് പൊളിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
നഗരസഭ പരിധിയിലെ അണങ്കൂരിൽ 20 സെന്‍റ് സ്ഥലത്ത് ക്രൈംബ്രാഞ്ച് ഓഫിസ് നിര്‍മിക്കുന്നതിനായി 1.25 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു . ഈ സ്ഥലത്തുകൂടെയുള്ള അണങ്കൂര്‍–ഓള്‍ഡ് എൻ.എച്ച് റോഡിന്‍റെ രണ്ട് വശവും രാവിലെ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചു.
Also Read: അവകാശപ്പോരാട്ടങ്ങൾക്ക് തണല്‍ വിരിച്ച 'ഒപ്പുമരം' ഓർമയായി
ഇതാണ് തര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയത്. പ്രദേശത്തെ ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് ഇത് തർക്കത്തിലും കൈയാങ്കളിയിലും കലാശിച്ചു. എന്നാല്‍ പൊളിച്ചതിനുപകരം രണ്ടുവശങ്ങളിലും പൂഴിയിട്ട റോഡ് ഇതിനകം ശരിയാക്കി കൊടുത്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ഒരു സര്‍ക്കാര്‍ സ്ഥാപനം പ്രദേശത്ത് വരുമ്പോഴുണ്ടാകുന്ന ഗുണവശങ്ങള്‍ നാട്ടുകാര്‍ മനസിലാക്കണമെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ഈ റോഡുകളില്‍ ടാറിങ് അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് ഉണ്ടാകും.
നിലവില്‍ അസൗകര്യങ്ങളുടെ നടുവിലാണ് കാസര്‍കോട്ടെ ക്രൈംബ്രാഞ്ച് ഓഫിസ്. പാറക്കട്ടയിലുള്ള എസ്.പി ഓഫിസ് കോമ്പൗണ്ടിലെ സ്പെഷല്‍ ബ്രാഞ്ച് കെട്ടിടത്തിന്‍റെ മുകളിലാണ് പ്രവര്‍ത്തനം.