കാസര്‍കോട്: ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കേരള-കര്‍ണാടക അതിര്‍ത്തിയായ കാസർകോട്ടെ പരപ്പയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തില്‍ കേസെടുത്ത് കേരള പൊലീസ്. ഇന്നലെ വൈകിട്ടാണ് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കര്‍ണാടക സ്വദേശിനിയായ ഷാഹിനയും (28) മകള്‍ ഷെസയും (3) മരിച്ചത്. അതിര്‍ത്തി പ്രദേശമായതിലാണ് കേസെടുക്കുന്ന കാര്യത്തില്‍ കേരള- കര്‍ണാടക പൊലീസ് തമ്മില്‍ ആശയക്കുഴപ്പമുണ്ടായത്.
കാര്‍ മറിഞ്ഞത് കര്‍ണാടകയിലാണെങ്കിലും അപകടമുണ്ടായത് കേരള അതിര്‍ത്തിയില്‍ വച്ചാണെന്ന് വില്ലേജ് ഓഫിസര്‍ വ്യക്തമാക്കിയതോടെയാണ് കേരള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അപകടത്തെ തുടര്‍ന്ന് ഇന്നലെ തൊട്ടടുത്തുള്ള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കര്‍ണാടക പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേരള അതിര്‍ത്തിയാണെന്ന് പറഞ്ഞ് തിരിച്ച് പോകുകയായിരുന്നു. തുടര്‍ന്നാണ് കേരള അതിര്‍ത്തിയിലെ ആദൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
കേരള പൊലീസിന് കേസെടുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടാകാന്‍ കാരണം നേരത്തെയുണ്ടായ സമാനമായ അപകടത്തില്‍ കേസെടുത്തത് കര്‍ണാടക പൊലീസായിരുന്നു. ഇന്നലെ വൈകിട്ട് വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഗാളിമുഖ സ്വദേശിയായ ഷാനവാസും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഷാനവാസിന്‍റെ ഭാര്യയും കുഞ്ഞും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഷാനവാസിന്‍റെ മാതാവ് ഉള്‍പ്പെടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്.