കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ സാക്ഷിക്ക് നേരെ വധഭീഷണി മുഴക്കിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. മാപ്പുസാക്ഷി ബേക്കല്‍ സ്വദേശി വിപിൻ ലാലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കാസർകോട്ട് ഒരു ജ്വല്ലറി ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇയാളെ തിരിച്ചറിഞ്ഞത്. വിപിന്‍ലാലിനെ നേരിട്ടും ഫോൺ വഴിയും കത്ത് മുഖേനയും വധഭീഷണി മുഴക്കിയതായാണ് പരാതി. ഒരു മാസം മുൻപ് ബേക്കൽ പൊലീസിലാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്.
ജനുവരി, സെപ്റ്റംബർ മാസങ്ങളിലായി മൂന്ന് പ്രാവശ്യം ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഇതിൽ ആദ്യത്തെ സംഭവത്തിലെ പ്രതിയായ പ്രദീപ് കുമാറിനെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി ബേക്കൽ പൊലീസ് ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇയാളുടെ കൈവശം ഉള്ള സിം കാർഡ് തമിഴ്നാട് തിരുനെൽവേലി സ്വദേശിയുടേതാണെന്നും ഇതുപയോഗിച്ചാണ് ഫോൺ വഴി ഭീഷണിപ്പെടുത്തിയെന്നും സംശയിക്കുന്നുണ്ട്.
നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന വിപിൻ ലാൽ പിന്നീട് മാപ്പ് സാക്ഷിയാകുകയായിരുന്നു. കോടതിയിൽ രഹസ്യ മൊഴി നൽകിയിട്ടുമുണ്ട്. ഇത് മാറ്റിപ്പറയാൻ സമ്മർദം ഉണ്ടെന്നായിരുന്നു വിപിന്‍റെ പരാതി. ഇതിനിടെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ രാഷ്ട്രീയ വിവാദങ്ങൾക്കും തിരി കൊളുത്തി. പ്രതിയായ പ്രദീപ് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ ആണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം.