കാസർകോട്: യോഗാസനത്തിൽ വിസ്‌മയം തീർക്കുകയാണ് കാസർകോട്ടെ പതിനൊന്നുകാരി അഭിജ്ഞ ഹരീഷ്. നാല് വയസുമുതൽ യോഗ പഠിക്കുന്ന അഭിജ്ഞയുടെ അടുത്ത ലക്ഷ്യം ഒളിമ്പിക്‌സിൽ പങ്കെടുക്കുക എന്നതാണ്. ഹരിയാനയിൽ അടുത്ത വർഷം നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് യോഗ മത്സരമാണ് ഇതിനുള്ള ആദ്യത്തെ ചവിട്ടുപടി.
ദേശീയ യോഗാസന സ്‌പോർട്‌സ് ഫെഡറേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിലാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുത്തത്. സബ്‌ജൂനിയർ വിഭാഗത്തിൽ ഗെയിംസിലേക്ക് തെരഞ്ഞെടുത്ത അഞ്ച് പേരിൽ കേരളത്തിൽ നിന്നുള്ള ഏക താരം അഭിജ്ഞയാണ്.
മൂന്നുമിനുട്ടിനുള്ളില്‍ 53 യോഗാസനം ചെയ്ത് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഈ കൊച്ചുമിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. 120 സെക്കന്‍റ് സമയം വൃശ്ചികാസനം ചെയ്ത് നോബിൾ വേൾഡ് റെക്കോഡ്‌സും അഭിജ്ഞ കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു. കൂടാതെ ദേശിയ തലത്തിലുള്ള നിരവധി മത്സരങ്ങളിൽ ഗോള്‍ഡ് മെഡലും ലഭിച്ചിരുന്നു.
ALSO READ: തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന്; വിവിധയിടങ്ങളിൽ സ്വീകരണം
യോഗ കൂടാതെ പാട്ടിലും ഭരത നാട്യത്തിലും മിടുക്കിയായ അഭിജ്ഞയുടെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളില്‍ നാഗനൃത്ത പരിപാടിയും അവതരിപ്പിച്ച് വരുന്നുണ്ട്. ഭരതനാട്യവും യോഗയും കൂടി ചേര്‍ന്ന നൃത്ത രൂപമാണ് നാഗനൃത്തം. നാല് വര്‍ഷത്തിനിടെ അഞ്ഞുറോളം വേദികളില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു.
കറന്തക്കാട് സ്വദേശി ഹരീഷിന്‍റെയും തേജകുമാരിയുടെയും ഏകമകളായ അഭിജ്ഞ കാസർകോട് ശ്രീലക്ഷ്‌മി വെങ്കിടേഷ് വിദ്യാലയത്തിൽ ആറാംതരം വിദ്യാർഥിനിയാണ്. അമ്മ തേജകുമാരി തന്നെയാണ് അഭിജ്ഞയുടെ യോഗ പരിശീലക.