തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം അനുമതി തേടി ടിടികെ ദേവസ്വം - തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
കലാപരിപാടികൾ, അന്നദാനം എന്നിവ ഒഴിവാക്കാൻ സന്നദ്ധമാണെന്ന് അപേക്ഷയിൽ അറിയിച്ചിട്ടുണ്ട്
കണ്ണൂർ: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം അനുമതി തേടി ടിടികെ ദേവസ്വം. ഈ ആവശ്യമുന്നയിച്ച് തളിപ്പറമ്പ് തഹസിൽദാർക്ക് ദേവസ്വം അധികൃതർ അപേക്ഷ നൽകി. കാലങ്ങളായി നടന്നു വരുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇത്തവണ കൊവിഡ് മാനദണ്ഡങ്ങളോടെ നടത്താൻ അനുമതി തേടിയാണ് ടിടികെ ദേവസ്വം അധികൃതർ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
കലാപരിപാടികൾ, അന്നദാനം എന്നിവ ഒഴിവാക്കാൻ സന്നദ്ധമാണെന്ന് അപേക്ഷയിൽ അറിയിച്ചിട്ടുണ്ട്. കൊടിയേറ്റവും പൂക്കോത്ത് നടയിൽ ഉൾപ്പെടെ തിടമ്പ് നൃത്തവും മാത്രം നടത്താൻ അനുമതി വേണമെന്നാണ് പ്രധാന ആവശ്യം. കൊടിയേറ്റ് ദിവസം നടപന്തലിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകില്ല. പൂക്കോത്ത് നടയിലെ തിടമ്പ് നൃത്തവും കുറഞ്ഞ സമയം മാത്രം നടത്തി ക്രമീകരിക്കുമെന്നും ടിടികെ ദേവസ്വം അധികൃതർ വ്യക്തമാക്കി. ഉത്സവം നടത്തുന്നതിന്‍റെ വിശദ വിവരങ്ങൾ തളിപ്പറമ്പ് ഡിവൈഎസ്‌പിയെയും നേരിൽ കണ്ട് ബോധിപ്പിക്കും. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതി ഭാരവാഹികൾ എന്നിവരാണ് ഡിവൈഎസ്‌പിയെ കാണുക. ടിടികെ ദേവസ്വം അധികൃതരുടെ അപേക്ഷയിന്മേലുള്ള വിശദമായ റിപ്പോർട്ട് തളിപ്പറമ്പ് തഹസിൽദാർ കലക്‌ടർക്ക് സമർപ്പിക്കും.