കണ്ണൂർ: ജില്ലയിലെ അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെടും. എല്ലാവരും ബിഹാർ സ്വദേശികളാണ്. 1200 പേരാണ് നാട്ടിലേക്ക് പോകാനായി ഒരുങ്ങിയിട്ടുള്ളത്. ക്യാമ്പുകളിൽ പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് യാത്രയാക്കുക. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ഉണ്ടാകും.
പരിശോധനക്കും രജിസ്ട്രേഷനുമായി പൊലീസ്, ആരോഗ്യ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കും. തുടർന്ന് കെഎസ്ആർടിസി ബസിൽ സാമൂഹിക അകലം പാലിച്ച് പൊലീസ് അകമ്പടിയോടെ ഇവരെ റെയിൽവെ സ്റ്റേഷനിൽ എത്തിക്കും. സ്റ്റേഷനിൽ ഭക്ഷണകിറ്റുകൾ ഉൾപ്പെടെയുള്ളവ ഇവർക്ക് വേണ്ടി തയ്യാറാക്കും. 38,836 അതിഥി തൊഴിലാളികളാണ് ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക് പ്രകാരം കണ്ണൂരിലുള്ളത്. ഇതിൽ 90% ആളുകളും തിരിച്ച് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചതായി അധികൃതർ അറിയിച്ചു.