കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സതീശൻ പാച്ചേനിയുടെ ഭൗതിക ശരീരം പയ്യാമ്പലത്ത് സംസ്‌കരിച്ചു. മകൻ ജവഹർ ചിതയ്ക്കു തീ കൊളുത്തി. ഇന്നലെ രാത്രി മുതൽ കണ്ണൂർ ഡിസിസി ഓഫിസിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ഒരു നോക്ക് കാണാൻ സംസ്ഥാനത്ത് നിന്നെമ്പാടുമുള്ള നേതാക്കളും പ്രവർത്തകരുമെല്ലാം എത്തിയിരുന്നു.
എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സ്‌പീക്കർ എഎൻ ഷംസീർ, എംപി മാരായ ജെബി മേത്തർ, കൊടികുന്നിൽ സുരേഷ്, പി സന്തോഷ്‌കുമാർ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ (ഒക്‌ടോബർ 27) രാവിലെ പതിനൊന്നരയോടു കൂടിയാണ് അദ്ദേഹത്തിൻ്റെ അന്ത്യം സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയാണ് കണ്ണൂർ ഡിസിസി ഓഫിസിൽ പൊതുദർശനം ക്രമീകരിച്ചത്.
തുടർന്ന് പയ്യാമ്പലത്തേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുവന്നു. വിലാപയാത്രയിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. കണ്ണൂർ ഡിസിസി അധ്യക്ഷ പദവിയിൽ അഞ്ചു വർഷക്കാലം ഇരുന്നയാളാണ് സതീശൻ പാച്ചേനി. കണ്ണൂർ ഡിസിസി ഓഫിസ് തന്നെ അദ്ദേഹം നിർമിച്ചതാണ്. അദ്ദേഹം ഡിസിസി അധ്യക്ഷനായിരുന്ന കാലത്ത് സ്വന്തം വീട് പണയപ്പെടുത്തിയാണ് കണ്ണൂർ ഡിസിസി ഓഫിസ് നിർമിച്ചത്. കണ്ണൂരിൽ ഡിസിസി അധ്യക്ഷനായിരിക്കുന്ന കാലയളവിൽ കെഎസ്‌യുവിൻ്റെ സംസ്ഥാന പ്രസിഡന്‍റ് പദവിയും അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു.