കണ്ണൂർ : കെ-റെയിൽ അത്യന്താപേക്ഷിതമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. കെ-റെയിൽ പ്രകൃതിയെ സംരക്ഷിച്ചുള്ള പദ്ധതിയാണ്. എന്നാൽ ചെറിയ വിഭാഗം ഇതിനെതിരാണെന്നും തെറ്റിദ്ധരിക്കപ്പെട്ടവരെ ബോധ്യപ്പെടുത്തി പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര ഘടകം മുതൽ താഴെയുള്ള ഘടകം വരെ ഏകാഭിപ്രായമാണ്. സിപിഎം പാർട്ടി കോൺഗ്രസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്‍റേത് ബിജെപിയുടെ അതേ നിലപാട്
അതേസമയം വർഗീയ കോർപറേറ്റ് കൂട്ടുകെട്ടിൻ്റെ അമിതാധികാര പ്രവണതയാണ് കേന്ദ്രഭരണത്തിൽ കാണുന്നതെന്നും രാമചന്ദ്രൻ പിള്ള പ്രതികരിച്ചു. ഇതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയാറാവുന്നില്ലെന്നും ബിജെപിയുടെ അതേ നിലപാടാണ് കോൺഗ്രസും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി തുടർന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ നീക്കങ്ങൾക്കെതിരേ ആരെല്ലാം യോജിക്കുമോ അവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ ഐക്യനിര കെട്ടിപ്പടുക്കുക എന്നതാണ് പാർട്ടി കോൺഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന ആശയം. അതിനൊപ്പം സിപിഎമ്മിനെ ശക്തിപ്പെടുത്താൻ വേണ്ട സംഘടനാപരമായ കാര്യങ്ങൾ ചർച്ച ചെയ്യും.
ത്രിപുരയിലും ബംഗാളിലും വലിയ തിരിച്ചടി നേരിട്ടു. മറ്റ് സംസ്ഥാനങ്ങളിലും അപചയം ഉണ്ട്. കേരളത്തിൽ തിരിച്ച് വന്നതുപോലെ അഖിലേന്ത്യാതലത്തിലും തിരിച്ചുവരാൻ വേണ്ട സാഹചര്യം ഉണ്ടാക്കാനുള്ള സമീപനങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെയും വർഗീയതയെയും എതിർക്കുന്ന ഏത് കക്ഷിയോടൊപ്പം നിൽക്കാനും പാര്‍ട്ടി തയാറാണ്. എന്നാല്‍ കോൺഗ്രസ് ബിജെപിക്കെതിരെ ഒരു നിലപാടും എടുക്കുന്നില്ലെന്നും രാമചന്ദ്രൻ പിള്ള കുറ്റപ്പെടുത്തി. അതേസമയം 75 വയസിന് മുകളിലുള്ളവർ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ എന്നിവയിലുണ്ടാവില്ലെന്നും എസ് രാമചന്ദ്രൻ പിള്ള അറിയിച്ചു.
സ്വാഗതസംഘം ഓഫിസിൽ ഇന്ന് (22.03.2022) രാവിലെ നടന്ന ഉദ്‌ഘാടന പരിപാടിയിൽ കെ.വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി ജയരാജൻ, പി. സന്തോഷ് കുമാർ, എൻ. സുകന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ALSO READ:'പുതിയ കേരളം എന്ന് പറയരുത്' ; പാതയോരത്തെ കൊടിതോരണങ്ങളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി