കണ്ണൂർ: പ്രധാന മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണത്തിനും ഒപ്പം പ്രതിഷേധങ്ങൾക്കും സാക്ഷ്യം വഹിക്കുകയാണ് സംസ്ഥാനം. സ്ഥാനാർഥി നിർണയം ഗ്രൂപ്പ് പോരുകൾക്ക് വഴി വയ്‌ക്കുന്ന കാഴ്‌ചകളും നമ്മുടെ മുൻപിൽ കാണാറുണ്. അത്തരം ഗ്രൂപ്പ് പോരുകൾ കൂട്ട രാജിയിലേക്ക് നയിച്ച കാഴ്‌ചയാണ് കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ കാണാൻ കഴിഞ്ഞത്.
ഇരിക്കൂറിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പ് നേതാക്കൾ കൂട്ടത്തോടെ രാജി വയ്‌ക്കുകയായിരുന്നു . കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യൻ, യു.ഡി.എഫ് ജില്ലാ കൺവീനർ പി.ടി മാത്യു തുടങ്ങിയവർ രാജി വച്ചവരിൽ ഉൾപ്പെടുന്നു. ആദ്യം തന്നെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങൾ പാർട്ടിക്കുള്ളിൽ ഉടലെടുത്തിരുന്നു. തുടർന്ന് എ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും ആരംഭിച്ചു. എന്നാൽ പ്രതിഷേധങ്ങൾക്ക് ഫലം കണ്ടില്ലെന്ന് മാത്രമല്ല കെ.സി വേണുഗോപാലിന്‍റെ ഗ്രൂപ്പിൽപ്പെട്ട സജീവ് ജോസഫിനെ തന്നെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിൽ പ്രതിഷേധിച്ചാണ് എ ഗ്രൂപ്പ് നേതാക്കൾ ഇരിക്കൂറിൽ കൂട്ട രാജി പ്രഖ്യാപിച്ചത്.
കണ്ണൂർ ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന് എ ഗ്രൂപ്പ് വ്യക്തമാക്കി. അതേ സമയം അഭിപ്രായ വ്യത്യാസങ്ങൾ സ്ഥാനാർഥി നിർണയം വരെയാണെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സജീവ് ജോസഫ് പ്രതികരിച്ചു. ഇതിനിടെ ഗ്രൂപ്പ് തർക്കം ശ്രീകണ്‌ഠപുരത്ത് പരസ്യ ഏറ്റുമുട്ടലിലേക്കും നീങ്ങിയിരുന്നു. സജീവ് ജോസഫ് അനുകൂലികളെ എ ഗ്രൂപ്പുകാർ മർദിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ സിറ്റിംഗ് സീറ്റുകളിൽ യു.ഡിഎഫിന്‍റെ വിജയ സാധ്യതകൾക്ക് മങ്ങൽ ഏൽപിച്ചിരിക്കുകയാണ് ഈ ഗ്രൂപ്പ് യുദ്ധം.