കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്ഥാനാർഥി നിർണയ ചൂടിലാണ് രാഷ്ട്രീയകക്ഷികൾ. ഇടതുപക്ഷ കോട്ടയായ തളിപ്പറമ്പിൽ ഇത്തവണ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദൻ മാസ്റ്ററുടെ പേരാണ് ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ളത്. മുൻപ് രണ്ട് തവണ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും എംവി ഗോവിന്ദൻ മാസ്റ്റർ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. എം.വി രാഘവനാണ് തളിപ്പറമ്പിൽ നിന്നും ഇതിന് മുൻപ് വിജയിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ. പക്ഷെ അന്ന് എൽഡിഎഫിന് ഭരണം ലഭിച്ചില്ല.
ഇ.പി ജയരാജൻ സംഘടന ചുമതലയിലേക്ക് മാറുമോ എന്ന തീരുമാനമുണ്ടായാൽ മാത്രമേ തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകൂ. വരുന്ന പത്തിനു എൽഡിഎഫ് നിയോജകമണ്ഡലം കൺവെൻഷനിലായിരിക്കും സ്ഥാനാർഥിയെ ഔദ്യോഗികമായി തീരുമാനിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40617 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജെയിംസ് മാത്യു വിജയിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 725 വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിനായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ 16735 വോട്ടിന്‍റെ ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ വൻ വിജയം ഉണ്ടാക്കി ഒരു മന്ത്രിയെ തളിപ്പറമ്പിൽ നിന്നും സംഭാവന ചെയ്യുകയായിരിക്കും ഇടതുപക്ഷത്തിന്‍റെ ലക്ഷ്യം.