കണ്ണൂർ: കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ പയ്യന്നൂർ കവ്വായിയിലെ കുടുംബക്ഷേമ ഉപകേന്ദ്രം. 2019ല്‍ കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് ശിലാസ്ഥാപനം നടത്തി നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് കവ്വായിയിലെ കുടുംബക്ഷേമ ഉപകേന്ദ്രം. കൊറ്റി - കവ്വായി റോഡരികിലാണ് കേന്ദ്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ നാല് സെന്‍റ് സ്ഥലത്താണ് നഗരസഭയുടെ നേതൃത്വത്തില്‍ കേന്ദ്രം നിര്‍മിച്ചത്. പ്രവര്‍ത്തനമാരംഭിച്ചാല്‍ ഒട്ടേറെ പേര്‍ക്ക് ഉപകാരപ്രദമായേക്കാവുന്ന കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥയില്‍ അടച്ചിട്ടിരിക്കുന്നത്. തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ കെട്ടിടത്തിന്‍റെ ചുറ്റിലും കെട്ടിടത്തിനുള്ളിലേക്കും കാട്ടുചെടികൾ വളര്‍ന്ന നിലയിലാണ് കേന്ദ്രം.
മതിയായ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കില്‍ മാത്രമേ ഇനി ഈ കെട്ടിടം കൃത്യമായി ഉപയോഗിക്കാന്‍ കഴിയൂ എന്ന സ്ഥിതിയിലാണ്. അതേസമയം കെട്ടിടത്തിലേക്കുള്ള കുടിവെള്ള കണക്ഷന്‍ കിട്ടാത്തതുകൊണ്ടാണ് കുടുംബക്ഷേമ ഉപകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും ഉടന്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
നഗരസഭ മുമ്പ് പ്രഖ്യാപിച്ച വെല്‍നസ് സെന്‍ററുകളിലൊന്ന് ഇവിടെ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും മൂന്ന് വെല്‍നസ് സെന്‍ററുകള്‍ക്ക് സ്ഥലം കണ്ടെത്തിക്കഴിഞ്ഞതിനാല്‍ ഈ കെട്ടിടം കുടുംബക്ഷേമ ഉപകേന്ദ്രമായി തന്നെയായിരിക്കും പ്രവര്‍ത്തിക്കുകയെന്നാണ് നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച നഗരസഭയുടെ കീഴിലുള്ള കെട്ടിടം ഇങ്ങനെ ഉപയോഗശൂന്യമായി നശിക്കുന്നതിനെതിരെ നിലവിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.