കണ്ണൂർ : വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിലൊന്നായ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം നാശത്തിന്‍റെ വക്കിൽ. 2015 കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ബാസ്‌ക്കറ്റ് ബോൾ, ഗുസ്‌തി എന്നീ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച സ്റ്റേഡിയം ഇന്ന് മോക്ഷം കാത്ത് കിടക്കുകയാണ്.
മലബാറിന്‍റെ കായിക രംഗത്തിന്‍റെ വികസനത്തിനായി പ്രദേശത്ത് ഇൻഡോർ സ്റ്റേഡിയം എന്ന പദ്ധതിക്ക് അന്നത്തെ യുഡിഎഫ് പച്ചക്കൊടി വീശിയതോടെയാണ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമായത്. മൃഗസംരക്ഷണ വകുപ്പിൽ നിന്നും സർക്കാർ ഏറ്റെടുത്ത 6.55 ഹെക്‌ടർ സ്ഥലത്ത് 33 കോടി രൂപ ചെലവിൽ 2,600 ച.അടി വിസ്‌തീർണത്തിലാണ് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിലൊന്ന് നിർമിച്ചത്.
5000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിന്‍റെ നിർമാണം ദേശീയ ഗെയിംസ് മേധാവികളുടെ മേൽനോട്ടത്തിലായിരുന്നു. റായ് കൺസ്ട്രക്ഷനായിരുന്നു കരാർ ചുമതല. 2015 ജനുവരി 15ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്‌തത്. പാശ്ചാത്യ രാജ്യങ്ങളെപ്പോലും വിസ്‌മയിപ്പിക്കുന്ന വിധത്തിലുള്ള കായിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
ഷട്ടിൽ, ബാഡ്‌മിൻ്റൺ, ടേബിൾ ടെന്നീസ്, ഗുസ്‌തി, ബാസ്ക്കറ്റ് ബോൾ, പഞ്ചഗുസ്‌തി, ടെന്നിസ്, ബോക്‌സിങ്, കരാട്ടെ, കുങ്ഫു എന്നിവയുൾപ്പെടെയുള്ള കായിക ഇനങ്ങൾ ഇവിടെ നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. ദേശീയ ഗെയിംസിന് പിന്നാലെ 35-ാമത് ദേശീയ ബോക്‌സിങ് ചാംപ്യൻഷിപ്പ്, അന്താരാഷ്ട്ര കരാട്ടെ മത്സരം എന്നിവയും സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു.
കൊവിഡിന് പിന്നാലെ നാശത്തിലേക്ക് : എന്നാൽ 2020ൽ കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ സ്റ്റേഡിയത്തിൻ്റെ നാശം തുടങ്ങുകയായിരുന്നു. കൊവിഡ് കാലത്ത് അന്നത്തെ കണ്ണൂർ കലക്‌ടർ ടി.വി സുഭാഷ് കൊവിഡ് കെയർ ഹോമാക്കി മാറ്റാൻ പ്രത്യേക ഉത്തരവിലുടെ സ്റ്റേഡിയം ഏറ്റെടുത്തു. പിന്നീട് മാസങ്ങളോളം കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററായി സ്റ്റേഡിയം പ്രവർത്തിക്കുകയും ചെയ്‌തു.
പിന്നീട് കൊവിഡ് മാറി സ്പോർട്‌സ് കൗൺസിലിന് കൈമാറിയെങ്കിലും സ്റ്റേഡിയത്തിന്‍റെ മുഖം മിനുക്കൽ മാത്രം നടന്നില്ല. ഇതോടെ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്ന് നാശത്തിന്‍റെ വക്കിലേക്കെത്തി. വൻ തുക മുടക്കി നിർമിച്ച സ്റ്റേഡിയത്തിലെ എല്ലാം സാങ്കേതിക സജീകരണങ്ങളും തുരുമ്പ് പിടിച്ച് ഉപയോഗ ശൂന്യമായ നിലയിലാണ്.
കൂടാതെ സ്റ്റേഡിയത്തിലേക്കുള്ള പല വഴികളും കാടുകയറി സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലുമായി. സ്റ്റേഡിയത്തിന് പുറത്തെ ടെന്നീസ് കോർട്ടിന്‍റെയും വോളിബോൾ കോർട്ടിന്‍റെയും സ്ഥിതിയും വ്യത്യസ്ഥമല്ല. നിലവിൽ സ്റ്റേഡിയം സ്വകാര്യ വ്യക്‌തികൾക്കുൾപ്പെടെ വിവാഹം പോലുള്ള ചടങ്ങുകൾക്കായി വിട്ടു നൽകുകയാണ്.
പ്രതിഷേധം ശക്‌തം : അതേസമയം സ്റ്റേഡിയത്തിന്‍റെ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളിൽ നിന്നും പ്രദേശവാസികളിൽ നിന്നുമടക്കം പ്രതിഷേധം ശക്തമാകുകയാണ്. സ്റ്റേഡിയം വിവാഹ ചടങ്ങുകൾക്കുൾപ്പെടെ വിട്ടുനൽകുന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും സ്റ്റേഡിയം സംരക്ഷണത്തിനായി പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിപക്ഷ യുവജന സംഘടനകൾ അറിയിച്ചു.
ജില്ലയിൽ നിന്ന് മുഖ്യമന്ത്രിയും മലബാറിൽ നിന്ന് കായിക മന്ത്രിയും ഉണ്ടാകുമ്പോഴാണ് കണ്ണൂർ - മട്ടന്നൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ അത്യാധുനിക സ്റ്റേഡിയത്തിന് ഈ ദുർവിധി വന്നതെന്നും ഇതിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.