കണ്ണൂർ: കൊട്ടിയൂർ അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍. ഇന്ന് പുലര്‍ച്ചെയാണ് അമ്പായത്തോട് ടൗണില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചത്. സി.എ.എ, യു.എ.പി.എ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിക്കുന്നതാണ് പോസ്റ്റര്‍. കേന്ദ്ര സംസ്ഥാന ഒത്തുകളി ജനങ്ങള്‍ തിരിച്ചറിയണമെന്നാണ് പോസ്റ്ററിലൂടെ വിമർശിക്കുന്നത്.
സി.എ.എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പിണറായി സര്‍ക്കാരിന്‍റെ പ്രഖ്യാപനം കാപട്യമാണ്. അലനെയും താഹയെയും എന്‍.ഐ.എയ്ക്ക് കൈമാറിയതില്‍ പൂർണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. ഇരുവരെയും എന്‍.ഐ.എയില്‍ നിന്ന് തിരിച്ചുകിട്ടാന്‍ പിണറായി കത്തെഴുതിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടനാണെന്നും പോസ്റ്ററില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹിന്ദുത്വ ഫാസിസ്റ്റ് എന്നും, മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യൽ ഫാസിസ്റ്റ് എന്നുമാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
കൂടാതെ സി.എ.എ വിരുദ്ധ സമരങ്ങളില്‍ പി.എഫ്.ഐ, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ കാപട്യം തിരിച്ചറിയണമെന്നും പോസ്റ്ററിലുണ്ട്. കമ്മ്യൂണിസ്റ്റുകളെയും ദളിതുകളെയും മുന്നില്‍ നിര്‍ത്തി മതരാഷ്ട്ര അജണ്ട നടപ്പാക്കാനാണ് ഇവരുടെ ഗൂഢനീക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം നടത്തണമെന്നും പോസ്റ്ററില്‍ പറയുന്നു.
വൈത്തിരിയിലേയും മഞ്ചിക്കണ്ടിയിലേയും വ്യാജ ഏറ്റുമുട്ടലുകളാണെന്ന വിശദീകരണവുമുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍. കഴിഞ്ഞ മാസം അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയിരുന്നു. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തായിരുന്നു സംഘം മടങ്ങിയത്.