കണ്ണൂർ: ആലക്കോട്, തിമിരി, തേർത്തല്ലി, പയ്യാവൂർ, മാതമംഗലം, ഇരിട്ടി തുടങ്ങിയ കണ്ണൂർ ജില്ലയിലെ മലയോര മേഖലകൾ പ്രധാനമായും ആശ്രയിച്ചു കൊണ്ടിരിക്കുന്ന റെയിൽവേ റിസർവേഷൻ ടിക്കറ്റ് കൗണ്ടർ ആണ് തളിപ്പറമ്പിലേത്. താലൂക്ക് ഓഫിസ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കൗണ്ടർ ഫെബ്രുവരി 13നാണ് അടച്ചുപൂട്ടിയത്. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരന്‍റെ പിഴവുമൂലം താലൂക്ക് ഓഫിസിന് വലിയ നഷ്‌ടം സംഭവിച്ചു എന്ന കാരണത്താലാണ് അടച്ചുപൂട്ടിയത് എന്നാണ് തഹസിൽദാരുടെ വിശദീകരണം.
സ്ഥിരം ജീവനക്കാരൻ അവധിയെടുത്തതിനെ തുടർന്ന് ഡ്യൂട്ടിക്ക് എത്തിയ താത്‌കാലിക ജീവനക്കാരൻ ടിക്കറ്റ് നൽകുമ്പോൾ പറ്റിയ അപാകതയാണ് വലിയ നഷ്‌ടങ്ങൾ ഉണ്ടാക്കിയത്. ഇവിടെ നിന്ന് നൽകിയ ടിക്കറ്റ് വച്ച് യാത്ര ചെയ്യുമ്പോൾ കാൻസൽ ചെയ്‌തു എന്ന റിപ്പോർട്ടാണ് ടിടിആർ നൽകുന്നത്. ഇതേ തുടർന്ന് 15,000 ത്തോളം രൂപ പിഴ അടക്കേണ്ടി വന്ന യാത്രക്കാരൻ നൽകിയ പരാതിയിൽ ആണ് താലൂക്ക് ഓഫിസിന് നഷ്‌ടപരിഹാരം നൽകേണ്ടി വന്നത്.
പ്രശ്‌നം പരിഹരിച്ച് എത്രയും വേഗം കൗണ്ടർ തുറക്കണമെന്ന ആവശ്യവുമായി നാട്ടുകാർ റെയിൽവേ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പൂർണ്ണമായ പരിശോധനകൾക്ക് ശേഷമേ നടപടി കൈകൊള്ളാൻ കഴിയൂ എന്നായിരുന്നു മറുപടി. ഒരു വർഷത്തെ രേഖകൾ പരിശോധിക്കുകയും, സുതാര്യമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്‌താൽ മാത്രമേ കൗണ്ടർ തുറക്കാൻ സാധിക്കൂ.
രാവിലെ 10 മണി മുതൽ തുറക്കുന്ന കൗണ്ടർ ആണിത്. ഒരു മണിക്കൂറിൽ 25 പേർക്ക് വരെ ടിക്കറ്റ് നൽകും. പുലർച്ചെ നാല് മണി മുതൽ ആളുകൾ എത്തുന്ന കൗണ്ടറിലെ ഒരുദിവസത്തെ വരുമാനം 50,000 രൂപയാണ്. എത്രയും വേഗം ഈ മേഖലകളിലെ യാത്രക്കാരുടെ ദുരിതം തീർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.