കണ്ണൂര്‍: കവ്വായിക്കായലിന്‍റെ ഭാഗമായ പാൽത്തിരപ്പുഴയിലെ റഗുലേറ്റർ കം ബ്രിഡ്‌ജ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ കുണിയൻ, കരിവെള്ളൂർ ഭാഗങ്ങളിലെ വയലുകൾ ഉപ്പുവെള്ളം കയറുന്നതായി ആക്ഷേപം. മൈനർ ഇറിഗേഷൻ വകുപ്പിന്‍റെ കാര - തലിച്ചാലം റഗുലേറ്റർ കം ബ്രിഡ്‌ജാണ് പത്തു വർഷത്തോളമായി തകർന്നു കിടക്കുന്നത്. കണ്ണൂർ- കാസർകോട് ജില്ലകളുടെ അതിരാണ് കവ്വായിക്കായലിന്‍റെ ഭാഗമായ പാൽത്തിരപ്പുഴ.
പുഴയിലെ കാര - തലിച്ചാലം റഗുലേറ്റർ കം ബ്രിഡ്‌ജാണ് കായലിൽ നിന്നുമുള്ള ഉപ്പുവെള്ളം തടഞ്ഞ് കുണിയൻ, വെള്ളൂർ, അന്നൂർ, ചെറുകാനം ഭാഗങ്ങളിലെ വയലുകളിൽ നെൽകൃഷി സാധ്യമാക്കുന്നത്. എന്നാൽ പത്തു വർഷത്തോളമായി റഗുലേറ്റർ കം ബ്രിഡ്‌ജ് പ്രവർത്തിക്കുന്നില്ല. ഇതു മൂലം വെള്ളൂർ - കുണിയൻ - അന്നൂർ - ചെറുകാനം ഭാഗങ്ങളിലെ വയലുകളിൽ കൃഷി സാധ്യമാകാത്ത സ്ഥിതിയാണ്.
റഗുലേറ്ററിന്‍റെ മിക്ക ഭാഗങ്ങളും തുരുമ്പിച്ച നിലയിലാണ്. മൈനർ ഇറിഗേഷന്‍റേതാണ് റഗുലേറ്റർ കം ബ്രിഡ്‌ജ്. ഉളിയത്തു കടവിൽ പുതിയ പദ്ധതിയാരംഭിക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതിന്‍റെ നടപടികളും എങ്ങും എത്തിയിട്ടില്ല.