കണ്ണൂർ: കനത്ത മഴയിൽ ജില്ലയില്‍ വ്യാപക നാശനഷ്‌ടം. പേരാവൂരിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആരോഗ്യ വകുപ്പ് നെടുംപുറം ചാൽ സബ് സെന്‍ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നാദിറയുടെ രണ്ടര വയസുള്ള മകൾ നുമാ ദാസ്‌മിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഉരുൾപൊട്ടലിനെ തുടർന്ന് ഇവർ താമസിക്കുന്ന ക്വാർട്ടേഴ്‌സിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഈ സമയം തറയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞ് വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു. ഇന്ന് പുലർച്ചെ വരെ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ നിർത്തിവച്ചു. തുടർന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് വീടിന് 200 മീറ്റർ അകലെയുള്ള കുളത്തിനരികെ നിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിന് പുറമെ മറ്റൊരാളെയും കണ്ണൂരിൽ കാണാതായിട്ടുണ്ട്. വെള്ളറ എസ്‌ടി കോളനിയിൽ താമസിക്കുന്നയാളെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് കാണാതാകുകയായിരുന്നു. മണ്ണ് ഇപ്പോഴും നീക്കം ചെയ്‌തിട്ടില്ല. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ജില്ലയിൽ മഴ കനത്തതോടെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 2) അവധി പ്രഖ്യാപിച്ചു.