കണ്ണൂര്‍: തലശേരിയില്‍ ജ്വല്ലറി ഉടമയെ അക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ തലശേരി മേലൂട്ട്മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിനടുത്ത ഇടറോഡിൽ വച്ചായിരുന്നു സംഭവം. കൂത്തുപറമ്പ് പാലാപറമ്പ് സ്വദേശി കൈലാസത്തിൽ സ്വരലാൽ എന്ന സോനു (32) തൊക്കിലങ്ങാടിയിലെ വി കെ രഞ്ചിത്ത് (35) പൂക്കോട് സ്വദേശി ജസീല മൻസിലിൽ ടി അഫ്‌സല്‍ (36) എന്നിവരെയാണ് തലശേരി ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കവര്‍ച്ച നടന്ന് ഒരാഴ്‌ചക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിനായി. കവർച്ച ചെയ്ത സ്വർണ്ണക്കട്ടികളും കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.
കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂത്ത്പറമ്പ് ശങ്കരനെല്ലൂർ സ്വദേശിയായ റമീസാണ് പിടിയിലാകാനുള്ളത്. തലശേരി എവികെ നായർ റോഡിൽ പോളി ലാബിനടുത്ത് സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദമിനെ ആക്രമിച്ചാണ് പ്രതികള്‍ സ്വര്‍ണം കവര്‍ന്നത്. ഏതാണ്ട് 562 ഗ്രാം വരുന്ന 76 ഉരുക്കിയെടുത്ത സ്വര്‍ണ്ണക്കട്ടികളാണ് എഫ്സെഡ് ബൈക്കിൽ വന്ന പ്രതികൾ തട്ടിയെടുത്തത്. താമസസ്ഥലത്ത് നിന്നും ആക്ടിവ സ്കൂട്ടറിൽ സ്വര്‍ണ്ണക്കട്ടികളുമായി ജ്വല്ലറിയിലേക്ക് പോകുന്നതിന് ഇടയിലാണ് ബൈക്കിടിച്ച് വീഴ്ത്തി കദമിനെ കൊള്ളയടിച്ചത്. വീണിടത്ത് നിന്നും എഴുന്നേറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കയ്യേറ്റം ചെയ്യുകയും വ്യാപാരിയെ തടഞ്ഞ് നിർത്തി പാന്‍റ്സിന്‍റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണക്കട്ടികളും മൊബൈൽ ഫോണും ബലമായി കൈക്കലാക്കി രക്ഷപ്പെടുകയുമായിരുന്നു.
കൃത്യം നടത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ട വഴിയിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് സഹായമായത്. കവർച്ചക്ക് മുമ്പ് പ്രതികളില്‍ ഒരാള്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ വീടും പരിസരവും നിരീക്ഷിക്കാൻ പോകുന്നതും കവര്‍ച്ചക്ക് ശേഷം ഇയാൾ ഉൾപെടെ മൂന്ന് പേർ ബൈക്കിൽ മറ്റൊരു റോഡിലൂടെ പോവുന്നതും സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. സ്റ്റേറ്റ് ഇന്‍റലിജന്‍സ് എസ്പിയുടെ ക്രൈം സ്ക്വാഡ്, സൈബർ സെൽ എന്നിവരുടെ സഹകരത്തോടെ കഴിഞ്ഞ ആറ് ദിവസമായി നടത്തിയ ശാസ്ത്രീയ അന്വേഷമാണ് കവർച്ചാ സംഘത്തെ കുടുക്കിയത്. സർക്കിൾ ഇൻസ്പക്ടർ കെ സനൽകുമാർ, എസ്ഐമാരായ പി എസ് ഹരീഷ്, ബിനു മോഹൻ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ അജയകുമാർ, ബിജുലാൽ, രാജീവൻ, ശ്രീജേഷ്, സുജേഷ്, മീരജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.