കണ്ണൂർ : ഒരു കാലത്ത് എസ്എസ്എൽസി കഴിഞ്ഞവരോട് ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന ചോദിച്ചാല്‍ 'ടൈപ്പ് റൈറ്റിങ് പഠിക്കുന്നു' എന്നായിരുന്നു ഉത്തരം. അക്കാലത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പല ജോലികൾ നേടുന്നതിനും അത്യാവശ്യമായി വേണ്ടുന്ന യോഗ്യത ടൈപ്പിങ് അറിഞ്ഞിരിക്കുക എന്നതായിരുന്നു. എന്നാൽ കമ്പ്യൂട്ടറിന്‍റെ കടന്നുവരവോടെ ടൈപ്പ് റൈറ്റിങ് മേഖലയുടെ പ്രതാപം മങ്ങി.
എങ്കിലും 30 വർഷമായി നിശ്ചലമാവാതെ ടൈപ്പ് റൈറ്റിങ് എന്ന പഠന ശാഖ പുതു തലമുറയിലേക്ക് പകർന്നുനൽകുന്ന ഒരു മനുഷ്യനും സ്ഥാപനവും ഉണ്ട് കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ. 82 വയസുള്ള പാറയിൽ ശ്രീകണ്ഠനാണ് എക്സ്പേർട്ട് ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന തന്‍റെ സ്ഥാപനത്തിലൂടെ പതിറ്റാണ്ടുകളായി വിവിധ തലമുറകൾക്ക് ടൈപ്പ് റൈറ്റിങ് പഠിപ്പിച്ച് നൽകുന്നത്.
30 വർഷത്തോളം ആർമിയിൽ സ്റ്റെനോഗ്രാഫർ ആയി ജോലി ചെയ്‌ത ശ്രീകണ്ഠൻ 1991ലാണ് തിരിച്ച് നാട്ടിൽ എത്തുന്നത്. ഉന്നത പദവിയിൽ ഉള്ള ഉദ്യോഗസ്ഥരോടൊപ്പം ജോലി ചെയ്‌ത അനുഭവ വെളിച്ചത്തിന്‍റെ പശ്ചാത്തലത്തിലാണ് നാട്ടിൽ തന്‍റെ ബന്ധു ചെറിയ രീതിയിൽ കൊണ്ട് നടന്ന ടൈപ്പ് റൈറ്റിങ് കേന്ദ്രം പഠന ശാല ആയി വിപുലീകരിക്കുന്നത്.
അന്ന് തൊട്ടിന്നോളം ആയിരക്കണക്കിന് വിദ്യാർഥികൾ ആണ് ഇവിടെ നിന്നും പഠിച്ച് പുറത്തിറങ്ങിയത്. പലരും ഉന്നത ജോലികളിലും കയറി. അവർ ഇന്നും നന്ദി പറയാൻ ഇവിടെ എത്താറുണ്ടെന്നും ശ്രീകണ്ഠൻ ആവേശത്തോടെ പറയുന്നു. മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്ങാണ് പ്രധാനമായും ഇവിടെ പഠിപ്പിക്കുന്നത്. 50 ഓളം കുട്ടികൾ ഇന്നും എക്സ്പേർട്ട് ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനെത്തുന്നുണ്ട്.
ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷയും ടൈപ്പ് റൈറ്റിങ് മെഷീനിൽ കൈകാര്യം ചെയ്യാം. കമ്പ്യൂട്ടറിന്‍റെ കീ ബോർഡും ടൈപ്പ് റൈറ്റിങ് കീ ബോർഡും ഒരു പോലെ ആയതിനാൽ ടൈപ്പിങ് സ്‌പീഡിനായി പലരും ഇപ്പോഴും ഇതൊരു നല്ല രീതിയായി തെരഞ്ഞെടുക്കുന്നുണ്ട്. കൊവിഡിന് ശേഷം വിദേശത്തേക്കുള്ള ജോലി സാധ്യതകൾക്ക് വേണ്ടിയാണ് ഇപ്പോഴും ടൈപ്പ് റൈറ്റിങ് മേഖലകളിലേക്ക് ആളുകൾ എത്തുന്നത്.