കണ്ണൂർ: സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സിബിഐ കുറ്റവിമുക്‌തനാക്കിയ സംഭവത്തിൽ സർക്കാരിനെ അതിരൂക്ഷമായി പരിഹസിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സോളാറിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉർവ്വശി ശാപം ഉപകാരമായി മാറിയെന്നും കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രിക്ക് നന്ദിയെന്നും സുധാകരൻ പറഞ്ഞു.
സത്യസന്ധമായ അന്വേഷണമാണ് സിബിഐ നടത്തിയത്. ഉമ്മൻ ചാണ്ടിയെ കുടുക്കാമെന്നാണ് പിണറായി വിജയൻ കരുതിയത്. കേരള പൊലീസായിരുന്നുവെങ്കിൽ കേസിന്‍റെ ഗതി മറ്റൊന്നാകുമായിരുന്നു. സിബിഐക്ക് പോയതോടെ സത്യസന്ധരായവരെ പുറത്തുകൊണ്ടുവരാനും നിരപരാധികളെ നിരപരാധികളായി കാണാനും സാധിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ഉപഹാരം നൽകിയതിനെയും സുധാകരൻ വിമർശിച്ചു. ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിയുടെ സംരക്ഷകൻ സിപിഎം ആണ്. ഡിവൈഎഫ്ഐ നേതാവ് ഷാജർ ആകാശുമായി വേദി പങ്കിട്ടത് ഇതിന് ഉദാഹരണമാണ്.
ലഹരി സംഘമായി ഡിവൈഎഫ്ഐ അധപതിച്ചതിൽ ദുഖമുണ്ട്. തള്ളിപ്പറയുന്നതും സംരക്ഷിക്കുന്നതും സിപിഎം ആണെന്നതും വിചിത്രമാണ്. ജയിലിനകത്ത് കൊടി സുനി ക്വട്ടേഷൻ വ്യവസായം നടത്തുകയാണ്. സുനിക്ക് തണലൊരുക്കുന്നത് സിപിഎമ്മാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
ക്ലീൻ ചിറ്റുമായി സിബിഐ: സോളാര്‍ പീഡന കേസില്‍ ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബിജെപി നേതാവ് എ.പി അബ്‌ദുള്ളക്കുട്ടിക്കും ഇന്നാണ് സിബിഐ ക്ലീന്‍ ചിറ്റ് നൽകിയത്. ഇതോടെ വിവാദമായ സോളാര്‍ പീഡന പരാതികളില്‍ സര്‍ക്കാര്‍ കൈമാറിയ ആറ് കേസുകളിലും കുറ്റാരോപിതരായ മുഴുവന്‍ പേരെയും സിബിഐ കുറ്റവിമുക്തരാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്‌തുതകളില്ലാത്ത ആരോപണമാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് അബ്‌ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം.
സോളാര്‍ പീഡന പരാതിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്‌ത കേസാണിത്. എന്നാല്‍ ഈ ആരോപണത്തിലും തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയര്‍ന്നത്. പരാതിയില്‍ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. വിഷയത്തില്‍ പ്രത്യേക സംഘത്തെ വച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയത്.
ALSO READ: ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ്: മധുരം വിതരണം നടത്തി കോട്ടയത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
എന്നാല്‍ പീഡന കേസില്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയത്. അതേസമയം സിബിഐ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കുന്നതിന് മുമ്പ് പരാതിക്കാരിയുടെ ഭാഗം കൂടി കോടതി കേൾക്കും.