കണ്ണൂർ: ശ്രീകണ്‌ഠപുരത്ത് ഫർണിച്ചർ കടയുടമയേയും മക്കളേയും കാർ തടഞ്ഞ് നിർത്തി മർദിച്ചതായി പരാതി. ശ്രീകണ്‌ഠപുരം പൊലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ടിപ്ടോപ് ഫർണിച്ചർ കടയുടമയായ കൈച്ചിറമറ്റത്തിൽ ബിജുവിനും മക്കള്‍ക്കും നേരെയാണ് ചൊവ്വാഴ്‌ച രാത്രി ആക്രമണം ഉണ്ടായത്.
രാത്രി കടപൂട്ടി മടങ്ങവെ കൊട്ടൂർ വയലിൽ വെച്ചാണ് ആക്രമണമുണ്ടായത്. പ്രദേശവാസിയായ ഷംസുദ്ദീന്‍ എന്നയാളാണ് തങ്ങളെ ആക്രമിച്ചതെന്ന് ബിജു ശ്രീകണ്‌ഠപുരം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ടിപ്പര്‍ ലോറിയില്‍ എത്തിയ ഷംസുദ്ദീന്‍ ബിജുവും മക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നെന്ന് ബിജു പറഞ്ഞു.
നേരത്തെ ബിജുവിന്‍റെ കടയിൽ നിന്നും ഷംസുദ്ദീൻ 18,000 രൂപയുടെ ഫർണിച്ചർ കടമായി വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പണം നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.