കണ്ണൂർ: ജില്ലയിലെ ഹോട്ട്സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ സിമന്‍റും ഇലക്‌ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന കടകൾക്ക് ഇളവ് അനുവദിച്ച് ജില്ലാ കലക്‌ടർ ഉത്തരവായി. സിമന്‍റ് ഡീലേഴ്‌സ് അസോസിയേഷനും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കടകൾക്ക് ഇളവ് നൽകാൻ തീരുമാനമായത്.
27, 29 തീയതികളില്‍ സിമന്‍റ് കടകളും, 28, 30 തീയതികളില്‍ ഇലക്‌ട്രോണിക് കടകളും തുറക്കാനാണ് അനുമതി നല്‍കിയത്. കടകൾ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. എസി, ഫാന്‍, മിക്‌സി, റഫ്രിജറേറ്റര്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ തുറക്കാമെങ്കിലും സാധനങ്ങള്‍ ഹോം ഡെലിവറി ആയി മാത്രമേ വിതരണം ചെയ്യാവൂ എന്ന് നിബന്ധനയുണ്ട്. തുറക്കുന്ന കടകള്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. പരമാവധി അഞ്ചു ജീവനക്കാര്‍ മാത്രമേ പാടുള്ളൂ.