കണ്ണൂർ: പരിയാരം പഞ്ചായത്തിലെ ചെറിയൂർ വാർഡിൽ കള്ളവോട്ടിലൂടെയാണ് സി.പി.എം വിജയിച്ചതെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി. കള്ളവോട്ടിന് കൂട്ട് നിന്ന പ്രിസൈഡിങ് ഓഫിസർ അടക്കമുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനിരയായ യു.ഡി.എഫ് സ്ഥാനാർഥിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമത്തിൽ പൊലീസിൽ നിന്നോ പോളിങ് ഉദ്യോഗസ്ഥരിൽ നിന്നോ യു.ഡി.എഫ് പ്രവർത്തകർക്ക് നീതി ലഭിച്ചില്ല. ഹൈക്കോടതി നിർദേശം ഉണ്ടായിട്ടും മതിയായ സംരക്ഷണം നൽകാൻ പൊലീസ് തയാറായില്ല. തെരഞ്ഞെടുപ്പ് ദിവസം അവസാന മണിക്കൂറിൽ നൂറുകണക്കിന് സി.പി.എമ്മുകാർ പോളിങ് ബൂത്തിന് മുമ്പിൽ തമ്പടിച്ച് ബൂത്ത് കയ്യേറുന്ന സാഹചര്യമുണ്ടായെന്നും സതീശൻ പാച്ചേനി ആരോപിച്ചു. ഒന്നര മണിക്കൂർ കൊണ്ട് മൂന്നുറോളം കള്ളവോട്ടുകളാണ് സി.പി.എം പ്രവർത്തകർ ചെയ്തത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ ജനാധിപത്യ വിരുധ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും. അതിനായി കോടതിയെ സമീപിക്കുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.
അതേസമയം വോട്ടെണ്ണൽ ദിനത്തിൽ വൈകുന്നേരമാണ് ചെറിയൂർ വാർഡ് യു.ഡി.എഫിൽ സ്ഥാനാർഥി പി.വി ശ്രീജയുടെ വീടിന് നേരെ ആക്രമണം നടന്നത്. വീടിൻ്റെ ജനൽച്ചില്ലുകൾ അക്രമികൾ കല്ലെറിഞ്ഞു തകർത്തു. ഇവരുടെ ആകെയുള്ള ഉപജീവനമാർഗമായ തട്ടുകടയും തല്ലി തകർത്തു. അക്രമത്തിന് പിറകിൽ സി.പി.എമ്മാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.