കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവും സി.പി.എം കൊട്ടിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പാലുകാച്ചിയിലെ ഞൊണ്ടിക്കൽ ജോയൽ ജോബ് (26), ഡി.വൈ.എഫ്.ഐ പാലുകാച്ചി യൂണിറ്റ് വൈസ് പ്രസിഡൻ്റ് പുതനപ്ര അമൽ(23) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകർ ബി.ജെ.പി ഓഫിസുകൾ തകർത്തതായും ആരോപണമുണ്ട് . കഴിഞ്ഞ ദിവസം വൈകിട്ട് പാലുകാച്ചിയിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് കൊട്ടിയൂരിലെ അക്രമമെന്ന് പൊലീസ് പറഞ്ഞു.
അഭിജിത്ത് സണ്ണി, ദീപക്ക് മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ എട്ടോളം ആർ.എസ്.എസ് പ്രവർത്തകർ കമ്പിവടി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇരുവരെയും ആക്രമിക്കുകയായിരുന്നു എന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഇവർ സ്ഥാപിച്ചിരുന്ന പതാക അഞ്ച് തവണ നശിപ്പിച്ചിരുന്നു. ബുധനാഴ്‌ചയും ഡി.വൈ.എഫ്.ഐ പതാക നശിപ്പിക്കപ്പെട്ടു. വ്യാഴാഴ്‌ച വൈകിട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി വീണ്ടും പതാക ഉയർത്തിയിരുന്നു. പ്രതിഷേധ യോഗത്തിലേക്ക് ആർ.എസ്.എസ് പ്രവർത്തകൻ ഓട്ടോ റിക്ഷ ഓടിച്ചുകയറ്റി പ്രകോപനം സൃഷ്‌ടിച്ചുവെന്നും പ്രതിഷേധയോഗത്തിനു ശേഷം അവിടെ സംസാരിച്ച് നിൽക്കുകയായിരുന്ന പ്രവർത്തകരെ അക്രമിച്ചുവെന്നുമാണ് സി.പി.എം ആരോപണം.
ഇതിനിടെ രാത്രി 10 മണിയോടെ കൊട്ടിയൂർ ടൗണിലുള്ള ബി.ജെ.പി ഓഫിസും ക്ഷേത്രത്തിന് സമീപത്തെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും സി.പി.എം പ്രവർത്തകർ തകർത്തതായി ബി.ജെ.പിയും ആരോപിച്ചു. പൊലീസ് സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. അക്രമത്തിൽ ഒരു ബൈക്ക് കസ്റ്റഡിയിൽ എടുത്തു.