കണ്ണൂർ: പ്രതിസന്ധിയിലായ ക്ഷീര മേഖലയ്ക്ക് ഇരുട്ടടിയായി കാലിത്തീറ്റയുടെ വില വർധനവ്. സർക്കാർ സ്ഥാപനമായ കേരള ഫീഡും മിൽമയും 50 കിലോ കാലിത്തീറ്റയ്ക്ക് 160 രൂപയാണ് വില കൂട്ടിയത്. ഇതോടെ മിക്ക ചെറുകിട ക്ഷീര കർഷകരും പ്രതിസന്ധിയിലായി.
കഴിഞ്ഞ മൂന്നു വർഷത്തോളമായി മിൽമയുടെ ഗോമതി റിച്ച് തീറ്റയ്ക്കും കേരള ഫീഡിൻ്റെ മിടുക്കിക്കും അര ക്വിൻ്റലിന് 1240 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ ഒറ്റയടിക്ക് ഇത് 1400 ആക്കിയാണ് വർധിപ്പിച്ചത്.
മലബാർ മേഖലയിലെ ക്ഷീര സംഘങ്ങൾക്ക് അര ക്വിൻ്റലിന് 160 രൂപ സബ്‌സിഡി നൽകുമെന്ന് മിൽമ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സബ്‌സിഡികൾ തുടങ്ങി ഒന്നോ രണ്ടോ മാസം കൊണ്ട് നിർത്തലാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് മുൻകാല അനുഭവങ്ങളിൽ നിന്ന് കർഷകർ പറയുന്നു.