കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂരിൽ ചൊവ്വാഴ്‌ച നടന്ന കോൺഗ്രസിന്‍റെ പൊലീസ് കമ്മീഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനത്തിലാണ് വിശ്വനാഥ പെരുമാള്‍ വിവാദ പ്രസംഗം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗേൾ ഫ്രണ്ടാണ് സ്വപ്‌ന സുരേഷ് എന്നായിരുന്നു പ്രസംഗത്തിലെ ഒരു ഭാഗം.
പൊതുപ്രവർത്തകൻ പി കെ ബൈജുവിന്‍റെ പരാതിയിലാണ് കണ്ണൂർ ടൗൺ ഇൻസ്പെക്‌ടര്‍ കേസ് രജിസ്‌റ്റർ ചെയ്‌തത്. സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെയും മുഖ്യമന്ത്രിയേയും ചേർത്ത് വിശ്വനാഥ പെരുമാൾ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് പരാതി. സമൂഹത്തിൽ സംഘർഷം വളർത്തുന്നതും അധിക്ഷേപകരമായ പരാമർശം നടത്തിയതിനുമാണ് കേസ്. കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയുടെ കണ്ണൂരിലെ ഉദ്ഘാടനം നിര്‍വഹിച്ചത് വിശ്വനാഥ പെരുമാളായിരുന്നു.
യുസിസി നടപ്പാക്കാന്‍ 1987ല്‍ സിപിഎം: അതേസമയം, ഏക സിവിൽ കോഡിനെ എതിർക്കുന്ന സിപിഎം ഇഎംഎസിന്‍റെ നിലപാട് തെറ്റായിരുന്നു എന്ന് പറയാൻ തയ്യാറാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം ചോദ്യംമുന്നയിച്ചിരുന്നു. 1987ൽ യുസിസി നടപ്പാക്കണം എന്നായിരുന്നു സിപിഎം നിലപാട്. വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്നും ഏക സിവിൽ കോഡിൽ ചിലരെ മാത്രം പ്രതിഷേധത്തിന് വിളിച്ച് സിപിഎം രാഷ്‌ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഷയത്തിൽ കോൺഗ്രസ് നിലപാട് ജയറാം രമേശ് ആദ്യമേ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് ദേശീയ പാർട്ടി ആയതിനാൽ സമര രീതികൾ ചർച്ച ചെയ്‌ത് മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. ശബരിമല വിഷയത്തിലെ അതേ നിലപാട് ആണ് കോൺഗ്രസ് ഏക സിവിൽ കോഡിലും എടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
മതകാര്യങ്ങള്‍ സ്‌റ്റേറ്റ് ഇടപെടരുത്. അതാത് മതങ്ങളില്‍ നിന്ന് നവീകരണം ഉണ്ടാവണം. അതേസമയം , ഇടതുപക്ഷവും സംഘടനകളും നിലവിലെ നിയം വ്യവസ്ഥ തകര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കിതെരെ കേസെടുക്കുകയും ഇതിന്‍റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്‌ഡ് നടത്തുകയുമാണ്.
പൊലീസിനെ ദുരുപയോഗം ചെയ്യുന്നു: മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലെ ജീവനക്കാരുടെ വീടുകളില്‍ റെയ്‌ഡ് നടത്തുന്നത് എന്തിനാണെന്നും മോന്‍സണ്‍ വിഷയത്തില്‍ വാര്‍ത്ത എഴുതിയ ദേശാഭിമാനിയിലെ മാധ്യമ പ്രവര്‍ത്തകന്‍റെ വീട്ടില്‍ പരിശോധന നടത്തിയോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ പൊലീസ് ഇതുവരെയില്ലാത്ത രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. കേരളത്തില്‍ നടപ്പാക്കുന്നത് ഇരട്ട നീതിയാണ്. ഇഷ്‌ടമുള്ളവരെ ചേര്‍ത്ത് പിടിക്കുകയും അല്ലാത്തവര്‍ക്കെതിരെ കള്ളക്കേസ് എടുക്കുരയും ചെയ്ുന്ന പ്രവര്‍ത്തിയാണ് പൊലീസിനെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്‍റേയും ഇഷ്‌ടക്കാര്‍ നടത്തുന്ന പകല്‍ക്കൊള്ളയും ഇടപാടുകളും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടിയതിലുള്ള വിരോധം തീര്‍ക്കാൻ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്‍റേയും ഗുണ്ടാസംഘമായി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഇപ്പോഴും തുടരുന്നത് സേനയുടെ അന്തസ് കെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം ജില്ല പൊലീസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെതിരെ സംസാരിച്ചപ്പോഴായിരുന്നു ഈ ആരോപണങ്ങൾ.