കണ്ണൂർ: ചെറുതാഴത്ത് കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. ഹനുമാനമ്പലത്തിന് സമീപമുള്ള ഓഫിസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫിസും സ്തൂപവും അടിച്ചു തകർത്തു. കണ്ണൂർ തെക്കി ബസാറിലെ രാജീവ് ഗാന്ധിയുടെ സ്തൂപവും തകർത്തു. വെഞ്ഞാറമൂട്ടിൽ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പേരിൽ സംസ്ഥാനം മുഴുവൻ അക്രമം അഴിച്ചു വിടാൻ സി.പി.എം കരുതിക്കൂട്ടി ശ്രമിക്കുകയാണെന്ന് കെ.സി ജോസഫ് എം.എൽ.എ കുറ്റപ്പെപ്പെടുത്തി. ഈ അക്രമം കണ്ട് കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് വീട്ടിലിരിക്കും എന്ന മിഥ്യാ ധാരണയൊന്നും സി.പി.എം നേതാക്കൾക്ക് വേണ്ടെന്നും എം.എൽ.എ പ്രസ്താവനയിൽ അറിയിച്ചു.
സംസ്ഥാനത്തുടനീളം കോൺഗ്രസ് ഓഫിസുകൾ കൈയേറാനും കൊടിമരങ്ങൾ തകർക്കാനും സി.പി.എം ബോധപൂർവം ശ്രമിക്കുകയാണ്. അക്രമം അഴിച്ചു വിട്ട് സര്‍ക്കാരിനെതിരെ ഉയർന്നിട്ടുള്ള ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കൊലപാതക വിഷയത്തിൻ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. കൊലപാതകം ഉണ്ടായ ഉടനെ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും അല്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വ്യത്യസ്തമായ പ്രസ്താവനകൾ വിഷയം രാഷ്ട്രീയവൽക്കരിക്കാനുള്ള സി.പി.എം അജണ്ട വെളിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികൾ ആരായാലും ശിക്ഷിക്കപ്പെടണം. പെരിയ ഇരട്ട കൊലപാതകത്തിൽ സി.പി.എം സ്വീകരിച്ച പോലെ ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് നയം കോൺഗ്രസിനില്ലെന്നും കെ.സി ജോസഫ് പ്രസ്താവനയിൽ പറഞ്ഞു.