കണ്ണൂർ: വിജിലൻസ് ചോദ്യം ചെയ്യലിനോട് പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി നിർദ്ദേശം സമർപ്പിക്കുക മാത്രമാണ് താൻ ചെയ്‌തത്. മറ്റ് കാര്യങ്ങളൊക്കെ ചെയ്‌തത് മന്ത്രിതലത്തിലാണ്. അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന അനിൽ കുമാറും ഡിടിപിസിയും ഏർപ്പെടുത്തിയ കമ്പനി നടത്തിയ ടൂറിസം രംഗത്തെ തന്നെ ഏറ്റവും വലിയ അഴിമതിയാണിതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. അന്നത്തെ എംഎൽഎ എന്ന നിലയിൽ തന്‍റെ മൊഴി എടുക്കുക സ്വാഭാവികമാണെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂർ സെന്‍റ്. ആഞ്ചലോസ് കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തത്.
Read More:കണ്ണൂര്‍ കോട്ട അഴിമതി; വിജിലൻസ് എ.പി അബ്ദുള്ളകുട്ടിയുടെ മൊഴിയെടുത്തു
2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്‍റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ 2018-ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിടിപിസിയിൽ വിജിലൻസ് പരിശോധന നടത്തി ഫയലുകൾ പിടിച്ചെടുത്തിരുന്നു. അതിന്‍റെ തുടർച്ചയായാണ് അബ്ദുള്ളക്കുട്ടിയെ വിജിലൻസ് ചോദ്യം ചെയ്തത്. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം നടത്തിയെന്നുമാണ് ആരോപണം.