കണ്ണൂർ: അണ്ടല്ലൂർ കാവിലെ സുന്ദരിയെ അതിസുന്ദരിയാക്കിയ മേക്കോവർ ആർട്ടിസ്റ്റ് ഇവിടെയുണ്ട്. ഒമ്പത് വർഷമായി സ്റ്റൈലിഷ് ലേഡീസ് സലൂൺ ആൻഡ് സ്‌പാ എന്ന സ്ഥാപനം നടത്തുന്ന രമ്യ ആർ ആണ് ആ വൈറൽ മേക്കോവറിന് പിന്നിൽ. അണ്ടല്ലൂരിലെ സീത എന്ന വിശേഷണത്തോടെ നാടോടി പെൺകുട്ടി കിസ്ബുവിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടതോടെയാണ് രമ്യ കിസ്ബുവിനെ തേടി ഇറങ്ങിയത്.
അണ്ടല്ലൂർ സീതയും രമ്യയും കണ്ടുമുട്ടിയപ്പോൾ...
ഒത്തിരി അലഞ്ഞ ശേഷം കിസ്‍ബുവിനെ കണ്ടെത്തി. മേക്കോവറിന് കിസ്‍ബുവിനോട് അനുവാദം ചോദിച്ചപ്പോൾ താത്പര്യമുണ്ടെന്നായിരുന്നു മറുപടി. ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ചമയങ്ങളണിയിച്ച് ഒരുക്കുകയായിരുന്നു. ഉത്തേരേന്ത്യക്കാരിയായ കിസ്‍ബു ദക്ഷിണേന്ത്യൻ ലുക്കിൽ എങ്ങനെ ഉണ്ടാവും എന്ന തോന്നലാണ് രമ്യയെ ഇത്തരം ഒരു മേക്കോവർ ചെയ്യാൻ പ്രേരിപ്പിച്ചത്. അങ്ങനെ നാടോടി പെൺകുട്ടിയായ കിസ്‌ബുവിനെ തനി മലയാളി മങ്കയായി രമ്യ മാറ്റി. മോക്കോവറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
അണ്ടല്ലൂർ കാവിൽ ബലൂൺ വിറ്റുനടന്നിരുന്ന കിസ്ബുവിനെ അർജുൻ കൃഷ്‌ണൻ എന്ന ഫോട്ടോഗ്രാഫറാണ് ക്യാമറയിൽ പകർത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത ചിത്രം വൈറലായതോടെയാണ് രാജസ്ഥാനി സുന്ദരി ശ്രദ്ധയാകര്‍ഷിച്ചത്. രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശിനിയായ പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരണപ്പെട്ടതാണ്. അമ്മ കഞ്ചൻ, അമ്മാമൻ ഗോപു, സഹോദരങ്ങൾ എന്നിവർക്കൊപ്പമാണ് കൂത്തുപറമ്പ് മേഖലയിലെത്തിയത്.
ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന അഴകാണ് ഈ നാടോടി പെൺകുട്ടിയെ വ്യത്യസ്ഥയാക്കുന്നത്. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകണം എന്നതും, നല്ല നിലയിൽ വിവാഹം കഴിച്ചയക്കണം എന്നതുമാണ് കിസ്‌ബുവിന്‍റെ അമ്മയുടെ ആഗ്രഹം. മാനുഷിക മൂല്യത്തിനും വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം കൽപിക്കുന്ന മലയാളികൾ മകളെ സഹായിക്കും എന്നുതന്നൊണ് കുടുംബത്തിന്‍റെ പ്രതീക്ഷ.
ALSO READ:മകന്‍ ഇതര മതസ്ഥയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് ക്ഷേത്രങ്ങളില്‍ വിലക്ക്