കണ്ണൂര്‍: കൊവിഡ് കാലം എങ്ങനെ അതിജീവിക്കുമെന്ന ചിന്തയിലും ആശങ്കയിലുമാണ് ലോകം മുഴുവൻ. പക്ഷേ പയ്യന്നൂർ അന്നൂർ സ്വദേശി ജാനകിയമ്മയ്ക്ക് അതിജീവനം എന്നത് വെറുമൊരു വാക്കല്ല. 11 ദിവസത്തെ ആശുപത്രി ജീവിതം കൊണ്ട് ജാനകിയമ്മ തെളിയിച്ചു, യഥാർഥ അതിജീവനം എന്താണെന്ന്...
കൊവിഡ് ബാധിച്ചവരില്‍ 65 വയസിന് മുകളിലുള്ളവര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉൾപ്പെടും. 104 വയസുള്ള ജാനകിയമ്മയെ മെയ് 31ന് തളിപ്പറമ്പ് കൊവിഡ് കെയര്‍ സെന്‍ററില്‍ നിന്ന് ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥയില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോൾ കാര്യങ്ങൾ ഹൈ റിസ്‌കായിരുന്നു. ഉടൻ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ.
അപൂർവ, അതിജീവന, അഭിമാന നിമിഷം
11 ദിവസത്തിന് ശേഷം കൊവിഡ് മുക്തയായി പൂർണ ആരോഗ്യവതിയായി ആശുപത്രി വിടുമ്പോൾ പരിയാരം മെഡിക്കല്‍ കോളജിന് മാത്രമല്ല, കേരളത്തിന് മുഴുവൻ ജാനകിയമ്മ നല്‍കിയത് അതിജീവനത്തിന്‍റെ പുതിയ കഥയാണ്. കണ്ണൂർ ജില്ലയില്‍ കൊവിഡ് മുക്തി നേടുന്ന പ്രായം കൂടിയ വ്യക്തിയും കേരളത്തിലെ നാലാമത്തെ വ്യക്തിയുമാണ് ജാനകിയമ്മ. ഈ അഭിമാന നിമിഷത്തിന് പിന്നില്‍ ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കൂട്ടായ പരിശ്രമം കൂടിയുണ്ട്.
Read Also......പ്രായം കൂടിയ കൊവിഡ് മുക്ത; അതിജീവനത്തിന്‍റെ അടയാളമായി 105കാരി
അഭിനന്ദനവുമായി മന്ത്രിയും
ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കൊവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. രോഗമുക്തി നേടിയ ജാനകിയമ്മയെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എസ്. അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതരും ജീവനക്കാരും ചേര്‍ന്ന് യാത്രയാക്കി.