ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെതിരെയുള്ള കുറ്റപത്രം ചൊവ്വാഴ്‌ച സമർപ്പിക്കും. തൊടുപുഴ പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പോക്സോ അടക്കമുള്ള ആറ് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും പ്രതിയുടെ മുടി ഉൾപ്പെടെ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ ആണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ മുട്ടം ജില്ല ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി.
Read more: 6 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ തെളിവെടുപ്പിനെത്തിച്ച് പൊലീസ്, രോഷവുമായി നാട്ടുകാർ
സംഭവ ദിവസം അർജുന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ, ലയത്തിലെ തൊഴിലാളികൾ, അർജുൻ മിഠായി വാങ്ങിയ കട, ഇരുചക്ര വാഹനത്തിൽ അർജുൻ കുട്ടിയെ കൊണ്ടുപോയി വിട്ടിരുന്ന സ്‌കൂള്‍ എന്നിവിടങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് എസ്എച്ച്ഒ സുനിൽകുമാർ പറഞ്ഞു.
ജൂൺ 30നാണ് വീടിനുള്ളില്‍ ആറു വയസുകാരി കൊല്ലപ്പെട്ടത്. നാല് ദിവസത്തിനകം പ്രതി അർജുൻ പൊലീസ് പിടിയിലാവുകയും ചെയ്‌തു. പീഡിപ്പിക്കുന്നതിനിടയിൽ ബോധരഹിതയായ പെൺകുട്ടിയെ വീടിനുള്ളിൽ കെട്ടിത്തൂക്കിയാണ് കൊലപ്പെടുത്തിയെന്നാണ് പ്രതി നൽകിയ മൊഴി.
അയല്‍വാസിയായ ഇയാൾ മിഠായി നൽകി കുട്ടിയുമായി അടുപ്പം സൃഷ്‌ടിച്ച ശേഷം കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. മൂന്ന് വയസ് മുതൽ ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.