ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിച്ച രാജാക്കാട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിറക്കി. ഒന്നുമുതല്‍ ആറുവരെ വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആശുപത്രികള്‍, പാചകവാതകം, പെട്രോള്‍ ബങ്കുകള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ആറുമുതല്‍ ഏഴ് ദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ദീര്‍ഘദൂര വാഹനങ്ങള്‍ ഒരുകാരണവശാലും ഈ സ്ഥലപരിധികളില്‍ നിര്‍ത്താന്‍ പാടില്ല, പഞ്ചായത്തിലെ മറ്റ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായിരിക്കും. രാജാക്കാട്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകള്‍ മുഴുവന്‍ കണ്ടെയ്ന്‍മെന്‍റ് സോണായിരിക്കും. ഇതുകൂടാതെ ജില്ലയിലെ 16 പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്‍റ് സോണുകളായും പ്രഖ്യാപിച്ചു.