ഇടുക്കി: ബോഡിമെട്ടിന് സമീപം തോണ്ടിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു. ഒരു വീട് പൂര്‍ണമായും മറ്റൊരു വീട് ഭാഗീകമായും ആന തകര്‍ത്തു. തോണ്ടിമല സ്വദേശി സെല്‍വത്തിന്‍റെ വീടിനു നേരെയാണ് ആക്രമണം.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സമീപവാസിയായ അമല്‍ രാജിന്‍റെ വീടിനും കേടുപാടുകള്‍ പറ്റി. അമല്‍ രാജിന്‍റെ വീടിന് നേരെയാണ് ആനയുടെ ആക്രമണം ആദ്യം ഉണ്ടായത്. ഈ സമയം കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു.
ഒരാഴ്‌ചയായി കാട്ടാന ശല്യം രൂക്ഷം
ശബ്‌ദം കേട്ട് വീട്ടുകാര്‍ എഴുന്നേല്‍ക്കുകയും ബഹളം വെച്ചതിനെ തുടര്‍ന്ന് ആന പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് സെല്‍വത്തിന്‍റെ വീട് ആക്രമിച്ചു. പ്രായമായ അമ്മ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ആന വീട് ആക്രമിയ്ക്കുന്നതായി മനസിലാക്കിയ സെല്‍വം, പ്രായമായ അമ്മയെ എടുത്ത് ദുര്‍ഘടപാതയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്ത് ഒരാഴ്‌ചയില്‍ അധികമായി കാട്ടാന ശല്യം രൂക്ഷമാണ്. അയല്‍വാസികളുടെ വീട്ടില്‍ സെല്‍വം വിവരം പറഞ്ഞതോടെ, നാട്ടുകാര്‍ ചേര്‍ന്ന് ബഹളം വെയ്ക്കുകയും ആന പിന്‍വാങ്ങുകയുമായിരുന്നു. ഒറ്റയാനാണ് കഴിഞ്ഞ രാത്രിയില്‍ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
ALSO READ: വയോധികന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; രണ്ട് പെൺകുട്ടികൾ പൊലീസില്‍ കീഴടങ്ങി
പൂപ്പാറ, തോണ്ടിമല, കോരമ്പാറ മേഖലകളിലായി ആറ് ആനകള്‍ അടങ്ങുന്ന കൂട്ടം തമ്പടിച്ചിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍, കാട്ടാനക്കൂട്ടത്തെ വന മേഖലയിലേയ്ക്ക് മടക്കി അയക്കാന്‍ വനം വകുപ്പ് നടപടി സ്വീകരിയ്ക്കുന്നില്ലെന്നും പരാതിയുണ്ട്. വീട് നഷ്‌ടപ്പെട്ടവരെ താത്കാലികമായി ചൂണ്ടല്‍ കമ്മ്യൂണിറ്റി ഹാളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു.