ഇടുക്കി : പൂപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തിൽ മോഷണം. ബുധനാഴ്‌ച രാത്രിയാണ് കവര്‍ച്ച നടന്നത്. കാണിക്ക വഞ്ചിയും ക്ഷേത്രം ഓഫിസും കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. അൻപതിനായിരം രൂപയോളം മോഷണം പോയതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
അമ്പലം ഓഫിസും വഴിപാട് കൗണ്ടറും കുത്തി തുറന്ന് പണം അപഹരിച്ചതിനുശേഷം ശ്രീകോവിലും കുത്തിപ്പൊളിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഏഴ് കാണിക്കവഞ്ചികള്‍ മോഷ്‌ടാവ് തകർത്തിട്ടുണ്ട്. ക്ഷേത്ര അങ്കണത്തിൽ പ്രതിഷ്‌ഠിച്ചിരുന്ന സർപ്പ വിഗ്രഹവും നശിപ്പിച്ച നിലയിലാണ്.
രാവിലെ നടതുറക്കാൻ ശാന്തിക്കാരന്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് ശാന്തൻപാറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.