ഇടുക്കി: ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട് തേനി ജില്ലയില്‍ ക്രമാധീതമായ കൊവിഡ് വ്യാപനം ഉണ്ടായത് ഇടുക്കിയെയും ആശങ്കയിലാഴ്ത്തുന്നു. ഞായറാഴ്ച മാത്രം 120 പോസറ്റീവ് കേസുകളാണ് തേനിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ തേനി ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 2494ല്‍ എത്തി. താല്‍ക്കാലിക പാസിൽ തേനിയില്‍ നിന്നും നിരവധിപേര്‍ ഇപ്പോഴും ജില്ലയിലേക്ക് എത്തുന്നതാണ് ഇടുക്കിയെ ആശങ്കയിലാഴ്ത്തുന്നത്. ഇനിയും കേസുകളുടെ എണ്ണം വര്‍ധിച്ചേക്കും.
ആണ്ടിപ്പെട്ടി, ബോഡി, ചിന്നമന്നൂര്‍, പെരിയകുളം, തേനി, ഉത്തമപാളയം, കമ്പം എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോസറ്റീവ് കേസുകള്‍ ദിനപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി മേഖലയില്‍ നിന്നും നിരവധിയാളുകളാണ് ഇപ്പോഴും ഇവിടേയ്ക്ക് എത്തുന്നത്. ഇവര്‍ ക്വാറന്‍റൈനില്‍ ഇരിക്കാതെ തോട്ടങ്ങളില്‍ ജോലിക്ക് പോകുന്നതും ജില്ലയില്‍ സാമൂഹ്യ വ്യാപന സാധ്യത വധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുസംസ്ഥാനങ്ങളും ഇടപെട്ട് നിലവില്‍ പാസ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.