ഇടുക്കി: മൂന്നാർ നയ്‌മക്കാടിൽ കടുവയുടെ ആക്രമണം. നയ്‌മക്കാട് ഈസ്റ് ഡിവിഷനിൽ തൊഴിലാളികൾ താമസിയ്ക്കുന്ന ലയത്തിന് സമീപത്തെ തൊഴുത്തിലാണ് രാത്രിയിൽ കടുവയുടെ ആക്രമണം ഉണ്ടായത്. രണ്ട് ദിവസങ്ങളിലായി മൂന്ന് കിടാക്കൾ അടക്കം 10 കന്നുകാലികൾ ചത്തു.
തൊഴിലാളികളുടെ ഉടമസ്ഥയിലുള്ളവയാണ്, ചത്ത കന്നുകാലികൾ. മൂന്ന് പശുക്കൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. രണ്ട് വർഷത്തിനിടെ 100ലധികം കന്നുകാലികൾ മേഖലയിൽ, വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
കടലാർ, ലാക്കാട് എസ്റ്റേറ്റ് മേഖലകളിലും കടുവ ശല്യം പതിവാണ്. വന്യ മൃഗ ആക്രമണം പതിവാകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ മൂന്നാർ ഉദുമല്പേട്ട അന്തർസംസ്ഥാന പാത ഉപരോധിച്ചിരുന്നു. നഷ്‌ടപരിഹാരം വൈകുന്നതായാണ് തൊഴിലാളികളുടെ പരാതി.
ദേവികുളം സബ് കലക്‌ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന്, കഴിഞ്ഞ ദിവസം ചത്ത അഞ്ച് പശുക്കൾക്കുള്ള നഷ്‌ടപരിഹാരം വിതരണം ചെയ്‌തു. വനം വകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വ്യത്യസ്‌ത ഗ്രുപ്പുകളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങൾ നിരീക്ഷിക്കും.
മേഖലയിലെ രണ്ട് സ്ഥലങ്ങളിൽ കൂടുകൾ സ്ഥാപിച്ച് കടുവയെ പിടികൂടാനാണ് വനം വകുപ്പ് പദ്ധതി ഒരുക്കുന്നത്. കടുവയുടെ ആക്രമണം പതിവായതോടെ, തോട്ടം മേഖല ഭീതിയിലാണ്.