ഇടുക്കി: വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ചെക്ക് പോസ്റ്റ് കടന്ന് ദിനംപ്രതി കേരളത്തിലേക്കെത്തുന്നത് നൂറുകണക്കിന് പേർ. കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെ ഇത്തരത്തിൽ കേരളത്തിലേക്ക് കടക്കുവാൻ ശ്രമിച്ച രണ്ട് പേരെ പിടികൂടിതോടെയാണ് ഞെട്ടിപ്പിക്കുന്ന വിരവങ്ങൾ പുറത്ത് വരുന്നത്.
ഇടുക്കി ജില്ലയിലെ അതിർത്തി പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കിയിരുന്നു. പരിശോധ ശക്തമാക്കിയതിന്‍റെ ഭാഗമായി തമിഴ്‌നാട് ആരോഗ്യ വകുപ്പിന്‍റെ ആപ്പ് ഇൻസ്റ്റാൾ ചെയ്താണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഇക്കാര്യം അറിയാതെ വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയവരാണ് പിടിയിലായത്.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കമ്പം തേവാരത്തിനു സമീപം വ്യജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്നവരെ അറസ്റ്റ് ചെയ്തതായി കമ്പംമെട്ട് സിഐ സുനിൽ കുമാർ പറഞ്ഞു. ഉത്തമപാളയം സ്വദേശികളായ സതീഷ് കുമാർ, മുരുകൻ, കമ്പം നോർത്ത് സ്വദേശി വിജയകുമാർ, പന്നൈപ്പുറം സ്വദേശി വേൽ മുരുകൻ എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുന്ന കേന്ദ്രത്തിൽ നിന്നും രണ്ട് കമ്പ്യൂട്ടറുകളും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം കേരളത്തിലേക്ക് അനധികൃതമായി ആളുകളെ കയറ്റി വിടുന്നതിന് ഏജന്‍റുമാരുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇവരിലേക്കും വരും ദിവസങ്ങളിൽ അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് തമിഴ്‌നാട് പൊലീസും അന്വേഷണമാരംഭിച്ചു.