ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിൽ മുൻ എംപി സുരേഷ് ഗോപി സന്ദർശിച്ചു. പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. കഴിഞ്ഞ ജനുവരിയില്‍ ഇടമലക്കുടിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി തന്‍റെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നും സുരേഷ് ഗോപി ഏഴ് ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഈ തുക ഉപയോഗിച്ച് മൂന്ന് കിലോമീറ്റർ അകലെ നിന്ന് ഇഡലിപ്പാറക്കുടിയിലേക്ക് വെള്ളം എത്തിച്ചിട്ടുണ്ട്. ഈ വെള്ളം ശേഖരിക്കുന്നതായി താല്‍ക്കാലിക ടാങ്ക് സജ്ജമാക്കാനായുള്ള സാമഗ്രികളും സുരേഷ് ഗോപി ഇടമലക്കുടിയിൽ എത്തിച്ചു. മണ്ണും മലയും മരവും തുരന്നെടുക്കുന്നവർക്ക് വേണ്ടി നിലകൊള്ളുന്ന ആളുകളാരും സമൂഹത്തിൻ്റെ അടിത്തട്ടിൽ കഴിയുന്ന ജനവിഭാഗത്തിന് വേണ്ടി ശബ്‌ദിക്കുന്നില്ലെന്ന് സന്ദർശന വേളയിൽ സുരേഷ് ഗോപി പറഞ്ഞു.
ആദ്യമായിട്ടായിരുന്നു സുരേഷ് ഗോപി ഇടമലക്കുടിയിൽ എത്തിയത്. പരമ്പരാഗത തലപ്പാവ് അണിയിച്ചും വാദ്യമേളങ്ങൾ ഒരുക്കിയും നൃത്തചുവടുകളോടെയുമായിരുന്നു ഇടമലക്കുടി നിവാസികൾ സുരേഷ് ഗോപിയെ സ്വീകരിച്ചു. കുടിയിലെ ആളുകള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
ഇഡലിപ്പാറക്കുടിയില്‍ കുടിവെള്ള ടാങ്ക് നിര്‍മ്മിച്ച് നല്‍കുമെന്ന് കുടിയില്‍ ചേര്‍ന്ന യോഗത്തില്‍ സുരേഷ് ഗോപി അറിയിച്ചു. ഇടമലക്കുടിയിലേക്കുള്ള യാത്രക്കിടെ സുരേഷ് ഗോപി പെട്ടിമുടി ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ മരിച്ചവരുടെ കല്ലറയിൽ പുഷ്‌പങ്ങളും അർപ്പിച്ചിരുന്നു.